കൊടുവള്ളിയിൽ വീടിനു മുകളിൽ കളിക്കുന്നതിനിടെ ഷോക്കേറ്റു; ഏഴാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
വീടിന്റെ മുകളിൽ നിൽക്കുമ്പോൾ അബദ്ധത്തിൽ വൈദ്യുതി കമ്പിയിൽ കൈ തട്ടുകയായിരുന്നു
കോഴിക്കോട്: കൊടുവള്ളി കച്ചേരിമുക്കിൽ നിർമ്മാണം നടക്കുന്ന വീടിനു മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പന്ത്രണ്ട് വയസ്സുകാരി മരിച്ചു. കച്ചേരിമുക്ക് കളത്തിങ്കൽ അബ്ദുൽ റഷീദിന്റെയും മസ്നയുടെയും മകൾ തൻഹ ആണ് മരിച്ചത്. മടവൂർ എയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. വീടിന്റെ മുകളിൽ നിൽക്കുമ്പോൾ അബദ്ധത്തിൽ വൈദ്യുതി കമ്പിയിൽ കൈ തട്ടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പഴയ വീട് വൈദ്യുതി ലൈനിൽ നിന്നും അകലെയായിരുന്നു. എന്നാൽ പുതുതായി നിർമ്മിക്കുന്ന വീട് ലൈനിന് തൊട്ടടുത്താണ്. ലൈൻ മാറ്റി സ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ലൈഷ മഹക്ക്, ഷസ മറിയം എന്നിവർ സഹോദരങ്ങളാണ്.
What's Your Reaction?



