ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം; കടുത്ത ഉപാധികളുമായി ഹൈക്കോടതി

പ്രതിക്ക് ജാമ്യം നൽകുന്നത് തന്റെ ജീവന് ഭീഷണിയാണെന്ന് പരാതിക്കാരിയും കോടതിയെ അറിയിച്ചിരുന്നു

Feb 12, 2026 - 11:11
Feb 12, 2026 - 11:11
 0
ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം; കടുത്ത ഉപാധികളുമായി ഹൈക്കോടതി

കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഇതോടെ രാഹുലിനെതിരെയുള്ള മൂന്ന് കേസുകളിലും ജാമ്യം ലഭിച്ചു. യുവതിയുടെ മൊഴി പ്രാഥമികമായി പരിശോധിക്കുമ്പോൾ ബലാത്സംഗം നടന്നതായി കണക്കാക്കാനാവില്ലെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

യുവതിയെ മാനസികമായി തളർത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നുവെന്നും മുൻകൂർ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതിക്ക് ജാമ്യം നൽകുന്നത് തന്റെ ജീവന് ഭീഷണിയാണെന്ന് പരാതിക്കാരിയും കോടതിയെ അറിയിച്ചിരുന്നു.

പരാതിക്കാരിയുടെ മൊഴിയിൽ ബലാത്സംഗം നടന്നതായി വ്യക്തമല്ലെന്ന് വിലയിരുത്തിയ കോടതി, എന്നാൽ കടുത്ത ഉപാധികളോടെ ജാമ്യം നൽകാൻ ഉത്തരവിടുകയായിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്ന് വ്യക്തമാക്കി താഴെ പറയുന്ന ഉപാധികളാണ് കോടതി മുന്നോട്ട് വെച്ചിട്ടുള്ളത്:

ഈ മാസം 16-ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. തുടർച്ചയായ മൂന്ന് ദിവസം രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ചോദ്യം ചെയ്യലിന് വിധേയനാകണം. ഈ സമയം കസ്റ്റഡിക്ക് തുല്യമായി കണക്കാക്കും.

മൊബൈൽ ഫോൺ പരിശോധനയ്ക്കായി കൈമാറണം. പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണം. കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകരുത്. ഓരോ രണ്ടാമത്തെ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. വൈദ്യപരിശോധനയ്ക്ക് വിധേയനാകണം. സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല. ജാമ്യകാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്. അറസ്റ്റ് രേഖപ്പെടുത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് തോന്നിയാൽ, നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow