രാജ്യം സ്തംഭിക്കുന്നു; 24 മണിക്കൂർ സംയുക്ത പണിമുടക്ക് ആരംഭിച്ചു, കേരളത്തിൽ പൂർണ്ണം

സ്വകാര്യ ബസുകൾ, ഓട്ടോ, ടാക്സി, ലോറി തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുന്നു

Feb 12, 2026 - 09:35
Feb 12, 2026 - 09:35
 0
രാജ്യം സ്തംഭിക്കുന്നു; 24 മണിക്കൂർ സംയുക്ത പണിമുടക്ക് ആരംഭിച്ചു, കേരളത്തിൽ പൂർണ്ണം

ന്യൂഡൽഹി/തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ നയങ്ങൾക്കെതിരെ പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച അർധരാത്രി വരെയാണ് സമരം. കേരളത്തിൽ ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകൾ ഒരുപോലെ പണിമുടക്കിനെ പിന്തുണയ്ക്കുന്നതിനാൽ ജനജീവിതം പൂർണ്ണമായും സ്തംഭിക്കാനാണ് സാധ്യത.

പണിമുടക്കുന്ന മേഖലകൾ

ഗതാഗതം: സ്വകാര്യ ബസുകൾ, ഓട്ടോ, ടാക്സി, ലോറി തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുന്നു. റെയിൽവേ, വിമാനത്താവളം, തുറമുഖം എന്നിവിടങ്ങളിലെ ജീവനക്കാരും സമരത്തിന്റെ ഭാഗമാകും.

ബാങ്കിംഗ് & ഐടി: ബാങ്ക്, ഇൻഷുറൻസ്, ടെലികോം, ഐടി മേഖലകളിലെയും ഓൺലൈൻ വ്യാപാര രംഗത്തെയും ജീവനക്കാർ സമരത്തിൽ അണിനിരക്കും.

സർക്കാർ ഉദ്യോഗസ്ഥർ: എൻജിഒ അസോസിയേഷൻ സമരത്തിൽ പങ്കെടുക്കുന്നുണ്ടെങ്കിലും കെപിഎസ്ടിഎ, സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ എന്നിവർ വിട്ടുനിൽക്കും.

ഒഴിവാക്കിയവ

പാൽ, പത്രം, ആശുപത്രികൾ, മരുന്ന് ഷോപ്പുകൾ തുടങ്ങിയ അവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പ്രധാന ആവശ്യങ്ങൾ

തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക.

ഇൻഷുറൻസ് മേഖലയിലെ 100 ശതമാനം വിദേശ നിക്ഷേപം ഒഴിവാക്കുക.

ജോലിസ്ഥിരത ഉറപ്പാക്കുക, ശ്രം ശക്തി നിതി ബിൽ പിൻവലിക്കുക.

കേരളത്തിലെ നെൽകർഷകർക്കുള്ള അധിക ബോണസ് നിർത്താനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കുക.

പണിമുടക്ക് പ്രമാണിച്ച് വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന പിഎസ് സി ഓൺലൈൻ പരീക്ഷകൾ മാറ്റി. ജൂനിയർ ഇൻസ്ട്രക്ടർ പരീക്ഷ ഈ മാസം 21-ലേക്കാണ് മാറ്റിയത്. സമരം നേരിടാൻ സർക്കാർ ഡയസ് നോൺ പ്രഖ്യാപിച്ചു. ജോലിക്ക് ഹാജരാകാത്ത സർക്കാർ ജീവനക്കാർക്ക് നാളത്തെ ശമ്പളം ലഭിക്കില്ല. നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ കോൺഗ്രസ് അനുകൂല സംഘടനയായ ഐഎൻടിയുസി ഒറ്റയ്ക്കാണ് സമരരംഗത്തുള്ളത്. നാളെ ഉച്ചയ്ക്ക് ജന്തർ മന്തറിൽ വൻ പ്രതിഷേധ പരിപാടികൾ നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow