രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാൻ നീക്കം; സഭയിൽ പ്രമേയം അവതരിപ്പിച്ച് ബി.ജെ.പി

ബജറ്റ് സമ്മേളനത്തിനിടെ രാഹുൽ നടത്തിയ വിവാദ പ്രസ്താവനകളും ആരോപണങ്ങളുമാണ് ബിജെപിയെ പ്രകോപിപ്പിച്ചത്

Feb 12, 2026 - 14:16
Feb 12, 2026 - 14:16
 0
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാൻ നീക്കം; സഭയിൽ പ്രമേയം അവതരിപ്പിച്ച് ബി.ജെ.പി

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനം റദ്ദാക്കാനുള്ള നടപടികളുമായി ഭരണപക്ഷം രംഗത്ത്. ഇതുസംബന്ധിച്ച പ്രമേയം ബി.ജെ.പി എം.പി നിഷികാന്ത് ദുബെ ലോക്സഭയിൽ അവതരിപ്പിച്ചു. ബജറ്റ് സമ്മേളനത്തിനിടെ രാഹുൽ നടത്തിയ വിവാദ പ്രസ്താവനകളും ആരോപണങ്ങളുമാണ് ബിജെപിയെ പ്രകോപിപ്പിച്ചത്.

വിവാദമായ 'എപ്സ്റ്റീൻ ഫയലുകളിൽ' കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെ പേരുണ്ടെന്ന് രാഹുൽ ഗാന്ധി സഭയിൽ ആരോപിച്ചിരുന്നു. ഇത് വലിയ ഭരണപക്ഷ പ്രതിഷേധത്തിന് കാരണമായി. മുൻ സൈനിക മേധാവി ജനറൽ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ വിവരങ്ങൾ സഭയിൽ വായിച്ചതും ചർച്ചയായി. രാജ്യ സുരക്ഷയെ ബാധിക്കുന്ന ഇത്തരം വിവരങ്ങൾ എവിടെനിന്നാണ് രാഹുലിന് ലഭിച്ചതെന്ന് നിഷികാന്ത് ദുബെ ചോദിച്ചു.

രാജ്യത്തെ തകർക്കാൻ ഉദ്ദേശിക്കുന്ന ശക്തികളിൽ നിന്ന് രാഹുലിന് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. രാഹുലിനെ സഭയിൽ നിന്ന് പുറത്താക്കണമെന്നാണ് നിഷികാന്ത് ദുബെ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. 2023-ൽ മോദി സമുദായത്തെ അധിക്ഷേപിച്ചെന്ന മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് രാഹുലിന് അംഗത്വം നഷ്ടമായിരുന്നു. പിന്നീട് സുപ്രീം കോടതി ശിക്ഷ സ്റ്റേ ചെയ്തതോടെയാണ് അദ്ദേഹം സഭയിലേക്ക് തിരിച്ചെത്തിയത്. പ്രതിപക്ഷ നേതാവായി ചുമതലയേറ്റ ശേഷം രാഹുൽ ഗാന്ധി നടത്തുന്ന ഓരോ പ്രസ്താവനയും സഭയിൽ ഭരണ-പ്രതിപക്ഷ പോരിന് മൂർച്ച കൂട്ടിയിരിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow