ഊട്ടിയില്‍ മേയ് ഒന്നു മുതല്‍ വന്‍ ഗതാഗത നിയന്ത്രണം; വിനോദസഞ്ചാരികള്‍ക്കായി സര്‍ക്യൂട്ട് ബസുകള്‍
മേയ് ഒന്നു മുതൽ ഊട്ടിയിൽ പുതിയ ഗതാഗത നിയന്ത്രണങ്ങൾ നിലവിൽ വരുന്നു. വേനൽക്കാല സീസണും പുഷ്പമേളയും പ്രമാണിച്ച് എത്തുന്ന ലക്ഷക്കണക്കിന് സഞ്ചാരികൾക്ക് ഗതാഗതക്കുരുക്കില്ലാതെ യാത്ര ഉറപ്പാക്കാനാണ് മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരം ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. മേയ് ഒന്നു മുതൽ ഊട്ടിയിലേക്കുള്ള വാഹനങ്ങൾ ബർളിയാർ, കൂനൂർ വഴി പ്രവേശിക്കണം. എന്നാൽ മടക്കയാത്ര കോത്തഗിരി വഴി മാത്രമായിരിക്കും.
കേരളം, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് കല്ലട്ടി ചുരം വഴി ഊട്ടിയിലേക്ക് പ്രവേശിക്കുന്നതിനും നിയന്ത്രണമുണ്ടാകും. ഈ വാഹനങ്ങൾ ഗൂഡല്ലൂർ വഴി മാത്രമേ ഊട്ടിയിലെത്താവൂ. സഞ്ചാരികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി ആവിൻ, എച്ച്പിഎഫ്, ആർട്സ് കോളേജ് മൈതാനം എന്നിവിടങ്ങളിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ബോട്ട് ഹൗസ്, റോസ് ഗാർഡൻ, ദൊഡ്ഡബെട്ട എന്നിവിടങ്ങളിലേക്ക് പോകാൻ പാർക്കിങ് കേന്ദ്രങ്ങളിൽ നിന്ന് സർക്യൂട്ട് ബസുകൾ ലഭ്യമാകും.
What's Your Reaction?