ശ്രീനഗർ: ജമ്മു കശ്മീരിൽ മഴക്കെടുതി രൂക്ഷം. ജമ്മു കശ്മീരിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 30ലധികമായി. വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ ഉണ്ടായ മണ്ണിടിച്ചിലിൽ മാത്രം 31 പേർ മരിച്ചതായാണ് റിപ്പോർട്ട്.
പത്തിലധികം വീടുകള്‍ക്ക് കേടുപാടുകളുണ്ടായി എന്നാണ് റിപ്പോര്‍ട്ട്. വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുളള യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴയ്ക്ക് പിന്നാലെയാണ് ഇന്നലെ മണ്ണിടിച്ചിലുണ്ടായത്.
ഇന്റർനെറ്റ് ബന്ധം പലയിടത്തും താറുമാറായി . സ്ഥിതി അതീവ ഗുരുതരമാണെന്ന് ഒമർ അബ്ദുള്ള വ്യക്തമാക്കിയിട്ടുണ്ട്. താവി ചനാബ് നദികളിൽ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. താവി നദിക്ക് കുറുകെ ഉണ്ടായിരുന്ന പാലത്തിന്റെ ഒരു ഭാഗം ഒലിച്ചുപോയി.
ജമ്മു കശ്മീരിലെ അദ്ക്വാരിയിലെ ഇന്ദർപ്രസ്ഥ ഭോജ്‌നാലയയ്ക്ക് സമീപം ഉണ്ടായ വൻ മണ്ണിടിച്ചിലിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.ജമ്മു കശ്മീര്‍ ദേശീയപാത അടച്ചു. ദോഡ, ജമ്മു, ഉദ്ദംപൂര്‍ എന്നിവിടങ്ങളില്‍ നിരവധി വീടുകള്‍ വെളളത്തിനടിയിലായി. നിരവധി റോഡുകളും പാലങ്ങളും മുങ്ങിയത് ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്.