കടുത്ത ചൂടിനിടെ വില്ലനായി പവർകട്ട്; കെഎസ്ഇബി ഓഫിസുകളിൽ അർധരാത്രി നാട്ടുകാരുടെ പ്രതിഷേധം
സംസ്ഥാനത്ത് കടുത്ത ചൂടിനിടെ തുടർച്ചയായുണ്ടാകുന്ന വൈദ്യുതി തടസ്സത്തിൽ കെഎസ്ഇബി ഓഫിസുകൾക്ക് നേരെ വ്യാപക പ്രതിഷേധം. തൃശൂർ എരുമപ്പെട്ടിയിൽ അർധരാത്രി നൂറിലധികം വരുന്ന നാട്ടുകാർ ഓഫിസ് ഉപരോധിക്കുകയും ജീവനക്കാരുമായി വാഗ്വാദത്തിലേർപ്പെടുകയും ചെയ്തു. പുലർച്ചെ രണ്ടര വരെ നീണ്ട പ്രതിഷേധത്തിനിടെ ചിലർ ഓഫിസിനുള്ളിൽ പായ വിരിച്ച് കിടന്നു പ്രതിഷേധിച്ചു. സമാനമായ രീതിയിൽ കോഴിക്കോട് പന്നിയങ്കരയിലും നാദാപുരത്തും യൂത്ത് ലീഗ് പ്രവർത്തകർ മെഴുകുതിരി കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തി.
അമിത ഉപഭോഗം മൂലം ലോഡ് വർധിക്കുന്നതും 33 കെവി ലൈനിലെ തകരാറുകളുമാണ് വൈദ്യുതി മുടങ്ങാൻ കാരണമെന്നാണ് കെഎസ്ഇബി വിശദീകരിക്കുന്നത്. എന്നാൽ ഓഫിസിലേക്ക് വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്നും കുട്ടികളും രോഗികളും ചൂടിൽ വലയുകയാണെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു. പലയിടത്തും പ്രതിഷേധം കൈയേറ്റത്തിന്റെ വക്കിലെത്തിയതോടെ, തങ്ങൾക്ക് പോലീസ് സുരക്ഷ വേണമെന്നാവശ്യപ്പെട്ട് ആലുവ വെസ്റ്റ് സെക്ഷനിലെ ജീവനക്കാർ പോലീസിനെ സമീപിച്ചിട്ടുണ്ട്.
What's Your Reaction?