പൈറസിക്ക് തടയിടാൻ കേന്ദ്രം; ടെലഗ്രാമിന് കർശന നോട്ടീസ് നൽകി കേന്ദ്ര വാർത്താവിതരണ മന്ത്രാലയം
സിനിമകളും പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകളിലെ വെബ് സീരീസുകളും ഉൾപ്പെടെയുള്ള പകർപ്പവകാശമുള്ള ഉള്ളടക്കങ്ങൾ ടെലഗ്രാം വഴി വ്യാപകമായി ചോരുന്ന പശ്ചാത്തലത്തിൽ പ്ലാറ്റ്‌ഫോമിനെതിരെ ശക്തമായ നടപടിയുമായി കേന്ദ്ര സർക്കാർ. വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്ന ചാനലുകൾക്കും ഗ്രൂപ്പുകൾക്കുമെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ടെലഗ്രാമിന് നോട്ടീസ് അയച്ചിരിക്കുന്നത്. പുതിയ സിനിമകളും ഡിജിറ്റൽ കണ്ടന്റുകളും റിലീസ് ചെയ്ത ഉടൻ തന്നെ പൈറേറ്റഡ് രൂപത്തിൽ സോഷ്യൽ മീഡിയയിൽ എത്തുന്നതിലൂടെ സിനിമാ-ഡിജിറ്റൽ മേഖലയ്ക്ക് കോടിക്കണക്കിന് രൂപയുടെ വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. ഇത് കണ്ടന്റ് ക്രിയേറ്റർമാരുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ.
ഡിജിറ്റൽ പൈറസി പൂർണ്ണമായും തടയുന്നതിനായി പ്ലാറ്റ്‌ഫോമിൽ കൂടുതൽ ഫലപ്രദമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നാണ് നോട്ടീസിലെ പ്രധാന നിർദ്ദേശം. നിയമലംഘനങ്ങൾ തടയാൻ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കാനും ടെലഗ്രാമിനോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ സിനിമാ നിർമ്മാതാക്കൾ, ബ്രോഡ്കാസ്റ്റർമാർ, ഒടിടി പ്ലാറ്റ്‌ഫോമുകൾ എന്നിവരടങ്ങുന്ന സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന് പുറമെ, ഉപയോക്താക്കൾക്ക് വ്യാജ വ്യക്തിത്വം (Fake Identity) നിർമ്മിച്ച് തട്ടിപ്പുകൾ നടത്താൻ സഹായകരമാകുന്ന 'യൂസർനെയിം' ഫീച്ചറുമായി ബന്ധപ്പെട്ട് വിശദീകരണം തേടി ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും കഴിഞ്ഞ ദിവസങ്ങളിൽ ടെലഗ്രാമിനും സിഗ്നലിനും നോട്ടീസ് നൽകിയിരുന്നു. ഓൺലൈൻ തട്ടിപ്പുകളും ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളും തടയുന്നതിന്റെ ഭാഗമായി നേരത്തെ മെറ്റയ്ക്കും കേന്ദ്രം സമാനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു.
What's Your Reaction?

