ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ മണ്ണിടിച്ചിൽ. മണ്ണിടിച്ചിൽ മൂലം പാറക്കല്ലുകൾ വീണുണ്ടായ അപകടത്തിൽ 2 തീർഥാടകർ മരിച്ചു. അപകടത്തിൽ 6 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സോൻപ്രയാഗിനും ഗൗരികുണ്ഡിനും ഇടയിലുള്ള മുൻകതിയയ്ക്ക് സമീപം രാവിലെ 7:34 നാണ് സംഭവം.
ഉത്തരകാശി ജില്ലയിലെ ബർകോട്ട് സ്വദേശികളായ റിത (30), ചന്ദ്ര സിങ് (68) എന്നിവരാണ് മരിച്ചത്. മുൻകതിയയിലെ കുന്നിൻ ചെരുവിൽ നിന്ന് പാറകളും പാറക്കല്ലുകളും ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ റോഡിലൂടെ കടന്നുപോയ വാഹനത്തിൽ വന്ന് ഇടിക്കുകയായിരുന്നു.
അപകടത്തിൽ പരുക്കേറ്റ ആറു പേരിൽ രണ്ടുപേർ നിലവിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. പരുക്കേറ്റവരെ ഉടൻ തന്നെ സോൻപ്രയാഗിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തരകാശി ജില്ലയിലെ താമസക്കാരായ മോഹിത് ചൗഹാൻ, നവീൻ സിംഗ് റാവത്ത്, പ്രതിഭ, മമത, രാജേശ്വരി, പങ്കജ് എന്നിവർക്കാണ് പരുക്കേറ്റത്.