ബെംഗളൂരുവിൽ വൻ അപകടം: വിദ്യാർഥികളടക്കം ഏഴ് പേർ മരിച്ചു; അമിതവേഗമെത്തിയ കാർ ട്രക്കിലിടിച്ചു കയറി
അമിതവേഗതയിലെത്തിയ മഹിന്ദ്ര എസ്‌യുവി ആദ്യം ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു
ബെംഗളൂരു: ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസ്‌കോട്ട് താലൂക്കിലുണ്ടായ ഭീകരമായ വാഹനാപകടത്തിൽ അഞ്ച് കോളേജ് വിദ്യാർത്ഥികളടക്കം ഏഴ് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ 5:15-ഓടെ സത്യവാര ഗ്രാമത്തിന് സമീപം സാറ്റലൈറ്റ് ടൗൺ റിങ് റോഡിലായിരുന്നു അപകടം. രണ്ട് എസ്‌യുവികളും ഒരു ട്രക്കും ബൈക്കും ഉൾപ്പെട്ടതാണ് അപകടത്തിന്റെ തീവ്രത വർദ്ധിപ്പിച്ചത്. വിനോദയാത്രയ്ക്ക് പോയ എസ്‌യുവി 700-ൽ ഉണ്ടായിരുന്ന ഭരത് (18), അശ്വിൻ നായർ (17), ഏദൻ ജോർജ്, അർഹാൻ ഷെരീഫ്, മറ്റൊരു ഭരത് എന്നിവരാണ് മരിച്ച വിദ്യാർത്ഥികൾ.
കാറിലുണ്ടായിരുന്ന ഒരാളെക്കൂടി തിരിച്ചറിയാനുണ്ട്. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്വകാര്യ കമ്പനി ജീവനക്കാരൻ ഗഗൻ (26) ആണ് മരിച്ച ഏഴാമത്തെയാൾ. അമിതവേഗതയിലെത്തിയ മഹിന്ദ്ര എസ്‌യുവി ആദ്യം ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട കാർ മുന്നിലുണ്ടായിരുന്ന കാന്റർ ട്രക്കിന് പിന്നിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ ട്രക്കിന്റെ പിൻ ആക്‌സിൽ ഒടിഞ്ഞുമാറുകയും ട്രക്ക് സർവീസ് റോഡിലേക്ക് മറിയുകയും ചെയ്തു. ഈ ആക്‌സിലിൽ തട്ടി പുറകിൽ വന്ന മാരുതി ബ്രെസ്സ കാറും അപകടത്തിൽപ്പെട്ടു.
അപകടത്തെത്തുടർന്ന് റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ക്രെയിനുകൾ ഉപയോഗിച്ചാണ് തകർന്ന വാഹനങ്ങൾ മാറ്റിയത്. രണ്ടാമത്തെ എസ്‌യുവിലെ യാത്രക്കാരും ട്രക്ക് ഡ്രൈവറും പരിക്കുകളോടെ രക്ഷപ്പെട്ടു. സുലിബെലെ പോലീസ് സംഭവസ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
What's Your Reaction?



