നോയിഡ: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ കാമുകനെ കുത്തിക്കൊന്ന യുവതി അറസ്റ്റിൽ. കൊറിയന്‍ പൗരനായ ഡക് ഹീ യു ആണ് കൊല്ലപ്പെട്ടത്. ഡൽഹി ഗ്രേറ്റർ നോയിഡയിലാണ് സംഭവം. ലിവ്-ഇൻ പങ്കാളിയായ മണിപ്പൂർ സ്വദേശി ലുഞ്ചീന പമായി ആണ് കൊലപ്പെടുത്തിയത്.
ഇരുവരും വര്‍ഷങ്ങളായി ഒരുമിച്ച് ജീവിക്കുന്നവരാണ്. വാക്കുതര്‍ക്കത്തിന് പിന്നാലെയാണ് കൊല നടത്തിയിരിക്കുന്നത്. ലോജിസ്റ്റിക് കമ്പനിയിൽ മാനേജരായിരുന്നു യൂ ഡക്ക് ഹീ യു. കഴിഞ്ഞ 10 വർഷമായി ഇയാൾ ഇന്ത്യയിൽ താമസിച്ചുവരികയായിരുന്നു.
ഗ്രേറ്റർ നോയിഡയിലെ ഒരു ആഡംബര ഫ്ലാറ്റിൽ വെച്ചാണ് സംഭവം. മദ്യപാനത്തിന് പിന്നാലെ ഇരുവരും തര്‍ക്കമുണ്ടാകുകയും കൊലപാതകത്തിലേക്ക് നയിക്കുകയുമായിരുന്നു. യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
മദ്യപാനത്തിനിടെ തര്‍ക്കം രൂക്ഷമായപ്പോള്‍ പമായി ഡകിന്റെ നെഞ്ചിന്റെ ഭാഗത്ത് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പമായ് തന്നെയാണ് ഡകിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഇയാൾ മരിച്ചിരുന്നു. ഡക്ക് ഹീ യു മദ്യപിച്ച് ഉപദ്രവിക്കുമെന്നും കൊല്ലണമെന്ന ഉദ്ദേശത്തോടെയല്ല കുത്തിയതെന്നുമാണ് ലുഞ്ചീന പോലീസിന് നൽകിയ മൊഴി.