ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ കേസെടുത്ത് പോലീസ്. ഡയാലിസിസ് ചെയ്ത രോഗികൾ മരിച്ച സംഭവത്തിലാണ് നടപടി. ചികിത്സ പിഴവ് ആരോപിച്ച് ആശുപത്രി അധികൃതർക്കെതിരേയാണ് ഹരിപ്പാട് പൊലീസ് കേസെടുത്തിരിക്കുന്നത്. ഹരിപ്പാട് സ്വദേശി രാമചന്ദ്രന്റെ മരണത്തിലാണ് പൊലീസ് എഫ്ഐആര് രജിസ്റ്റര് ചെയ്തത്. മരിച്ച രാമചന്ദ്രന്റെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് നടപടി.
ആശുപത്രി സൂപ്രണ്ട്, ഡയാലിസിസ് യുണിറ്റ് ജീവനക്കാർ എന്നിവരെ പ്രതികളാക്കിയാണ് കേസെടുത്തത്. ബിഎൻഎസ് 125, 106(1) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. പുതിയ മെഡിക്കൽ ബോർഡ് രൂപീകരിച്ച് അന്വേഷണം നടത്തണമെന്നാണ് പോലീസ് ആവശ്യം.
കഴിഞ്ഞ ഡിസംബര് 29ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്തു മടങ്ങിയ 26 പേരിൽ ആറു പേർക്കാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. മൂന്നുപേരെ വിദഗ്ധ ചികിത്സയ്ക്ക് വിധേയരാക്കി. രണ്ടുപേർ മരിച്ചു. ഡയാലിസിനിടെ ഉണ്ടായ അണുബാധയാണ് മരണകാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.