തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട വ്യാജ മാല മോഷണക്കേസിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോഷണക്കുറ്റം ആരോപിക്കപ്പെട്ട ബിന്ദു. ഒരുകോടി രൂപ നഷ്ടപരിഹാരം വേണമെന്നും സർക്കാർ ജോലി വേണമെന്നുമാണ് ബിന്ദു ആവശ്യപ്പെടുന്നത്.
മനുഷ്യാവകാശ കമ്മീഷന് നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കേസ് പരിഗണിച്ചപ്പോഴാണ് ബിന്ദു ഇക്കാര്യം ആവശ്യപ്പെട്ടത്.
വ്യാജ കേസുമൂലം ഉണ്ടായ മാനസിക, ശാരീരിക, സാമ്പത്തിക നഷ്ടങ്ങള്‍ മൂലം തകര്‍ന്നിരിക്കുന്നതിനാല്‍ സമൂഹത്തില്‍ വീണ്ടും ജീവിക്കുന്നതിനായി മാനനഷ്ടത്തിന് ഒരുകോടി രൂപയും കുടുംബത്തിന്റെ ആശ്രയത്തിനായി സര്‍ക്കാര്‍ ജോലിയും അനുവദിക്കണമെന്നാണ് ബിന്ദുവിന്റെ ആവശ്യം.
ബിന്ദുവിന്റെ ആവശ്യം പരിശോധിച്ച് രേഖാമൂലം മറുപടി സമർപ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം. ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി എന്നിവരെ ഒഫീഷ്യൽ റെസ്പോണ്ടൻമാരായി തീരുമാനിച്ചു.
അതിനിടെ എംജിഎം പൊൻമുടി വാലി പബ്ലിക് സ്കൂളിൽ ബിന്ദു ജോലിയിൽ പ്രവേശിച്ചു. സ്കൂളിൽ പ്യൂണായാണ് ബിന്ദുവിന് നിയമനം.