കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനയിടഞ്ഞ് മരണപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം വീതം ധനസഹായം കൈമാറി

ഗുരുതരമായി പരിക്കേറ്റവർക്കും സാമ്പത്തിക സഹായം നൽകുമെന്ന് മന്ത്രി വി എൻ വാസവൻ

Feb 17, 2025 - 19:44
Feb 17, 2025 - 19:44
 0  3
കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനയിടഞ്ഞ് മരണപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം വീതം ധനസഹായം കൈമാറി

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് ശ്രീ മണക്കുളങ്ങര ക്ഷേത്രത്തിൽ  ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ടവരുടെ  ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ വീതം കൈമാറി. 

ദാരുണമായ സംഭവമാണ് ക്ഷേത്രത്തിൽ നടന്നതെന്നും കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു എന്നും ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. സംഭവസ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. 

 പരിക്കേറ്റ  എല്ലാവർക്കും സൗജന്യ ചികിത്സ സർക്കാർ ഉറപ്പാക്കുന്നതോടൊപ്പം  ഗുരുതരമായി പരിക്കേറ്റവർക്കും  സാമ്പത്തിക സഹായം നൽകുമെന്ന് മന്ത്രി പറഞ്ഞു. നാട്ടാന പരിപാലന ചട്ടങ്ങൾ കർശനമായി പാലിക്കണം. ഇത്തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ വേണ്ട മുൻകരുതലുകളെ കുറിച്ച് പരിശോധിച്ചു ആവശ്യമായ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുമായും ജനപ്രതിനിധികളുമായും  മന്ത്രി സംസാരിച്ചു.  

  മരണപ്പെട്ട വടക്കയിൽ  രാജൻ്റെ സഹോദരൻ വടക്കയിൽ ദാസന് ക്ഷേത്ര പരിസരത്തു നിന്നും മന്ത്രി  ധനസഹായം കൈമാറി. മരണപ്പെട്ട കുറുവങ്ങാട് വട്ടാംകണ്ടി താഴെക്കുനി ലീല, താഴത്തേടത്ത് അമ്മുക്കുട്ടി അമ്മ എന്നിവരുടെ ആശ്രിതർക്കുള്ള ധനസഹായം അവരുടെ വീടുകളിലെത്തി മന്ത്രി ബന്ധുക്കൾക്ക് നൽകി.
   
ഗുരുവായൂർ ദേവസ്വം മൂന്ന് ലക്ഷം, മലബാർ ദേവസ്വം രണ്ട് ലക്ഷം എന്നിങ്ങനെ അഞ്ചു ലക്ഷം രൂപയ്ക്കുള്ള  ചെക്കുകളാണ് മരണപ്പെട്ടവരുടെ  ആശ്രിതർക്ക് മന്ത്രി കൈമാറിയത്.

മന്ത്രിയ്ക്കൊപ്പം കാനത്തിൽ  ജമീല എംഎൽഎ, നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട്, വൈസ് ചെയർപേഴ്സൺ അഡ്വ കെ സത്യൻ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ കെ ഷിജു, കൗൺസിലർ പ്രഭ, ഗുരുവായൂർ, മലബാർ ദേവസ്വം പ്രതിനിധികൾ എന്നിവരുമുണ്ടായിരുന്നു

What's Your Reaction?

like

dislike

love

funny

angry

sad

wow