രഞ്ജി ട്രോഫി; സെമി ഫൈനലിൽ ഗുജറാത്തിനെതിരെ കേരളം ശക്തമായ നിലയിൽ

കരുതലോടെ ബാറ്റ് വീശിയ ഓപ്പണർമാർ കേരളത്തിന് മികച്ച തുടക്കമാണ് നല്കിയത്.

Feb 17, 2025 - 19:43
 0  14
രഞ്ജി ട്രോഫി; സെമി ഫൈനലിൽ ഗുജറാത്തിനെതിരെ കേരളം ശക്തമായ നിലയിൽ
69 റൺസ് നേടിയ സച്ചിൻ ബേബി (ഫയൽ)

അഹമ്മദാബാദ്: ഗുജറാത്തിന് എതിരായ രഞ്ജി ട്രോഫി സെമി ഫൈനൽ മല്സരത്തിൻ്റെ ആദ്യ ദിവസം കേരളം ശക്തമായ നിലയിൽ. കളി നിർത്തുമ്പോൾ കേരളം നാല് വിക്കറ്റിന് 206 റൺസെന്ന നിലയിലാണ്. കളി നിർത്തുമ്പോൾ 69 റൺസോടെ ക്യാപ്റ്റൻ സച്ചിൻ ബേബിയും 30 റൺസോടെ മൊഹമ്മദ് അസറുദ്ദീനുമാണ് ക്രീസിൽ.

ടോസ് നേടിയ കേരളം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കരുതലോടെ ബാറ്റ് വീശിയ ഓപ്പണർമാർ കേരളത്തിന് മികച്ച തുടക്കമാണ് നല്കിയത്. രോഹൻ കുന്നുമ്മലും അക്ഷയ് ചന്ദ്രനും ചേർന്ന് ആദ്യ വിക്കറ്റിൽ 60 റൺസ് കൂട്ടിച്ചേർത്തു. ഇരുവരും നിലയുറപ്പിച്ചെന്ന് തോന്നിച്ച ഘട്ടത്തിലാണ് അക്ഷയ് റണ്ണൌട്ടായത്.

തൊട്ടു പിറകെ രവി ബിഷ്ണോയിയുടെ പന്തിൽ എൽബിഡബ്ല്യു ആയി രോഹൻ കുന്നുമ്മലും മടങ്ങി. ഇരുവരും 30 റൺസ് വീതം നേടി. തുടർന്നെത്തിയ വരുൺ നായനാർക്കും അധികം പിടിച്ചു നില്ക്കാനായില്ല. പ്രിയജിത് സിങ് ജഡേജയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഉർവ്വിൽ പട്ടേൽ പിടിച്ചാണ് പത്ത് റൺസെടുത്ത വരുൺ പുറത്തായത്.

എന്നാൽ പിന്നീടെത്തിയ ജലജ് സക്സേന ക്യാപ്റ്റൻ സച്ചിൻ ബേബിക്ക് മികച്ച പിന്തുണയായി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയ 71 റൺസ് കേരളത്തിന് കരുത്തായി. 30 റൺസെടുത്ത ജലജ് സക്സേനയെ അർസൻ നഗ്വാസ്വെല്ല ക്ലീൻ ബൌൾഡാക്കുകയായിരുന്നു.

തുടർന്നെത്തിയ മൊഹമ്മദ് അസറുദ്ദീനും സച്ചിൻ ബേബിയും ചേർന്ന് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇത് വരെ 49 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. ശ്രദ്ധയോടെ ബാറ്റ് വീശിയ ക്യാപ്റ്റൻ സച്ചിൻ ബേബി 193 പന്തുകളിൽ നിന്നാണ് 69 റൺസുമായി പുറത്താകാതെ നില്ക്കുന്നത്. എട്ട് ബൌണ്ടറികൾ അടങ്ങുന്നതാണ് സച്ചിൻ്റെ ഇന്നിങ്സ്. 

കഴിഞ്ഞ മല്സരത്തിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് കേരളം ഗുജറാത്തിനെതിരെ കളിക്കാൻ ഇറങ്ങിയത്. ഷോൺ റോജർക്ക് പകരം വരുൺ നായനാരെയും ബേസിൽ തമ്പിക്ക് പകരം അഹ്മദ് ഇമ്രാനെയുമാണ് ടീമിൽ ഉൾപ്പെടുത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow