കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലുണ്ടായ അപകടത്തിൽ ജില്ലാ കളക്ടർ ജോൺ വി സാമുവൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് കളക്ടർ റിപ്പോർട്ട് നൽകിയത്. സമഗ്ര റിപ്പോർട്ടാണ് സമർപ്പിച്ചത്.
അപകടത്തിൽ രക്ഷാപ്രവർത്തനം വൈകിയിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. കെട്ടിടത്തിന് മുൻപ് ബലക്ഷയം ഉണ്ടായിരുന്നില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. കെട്ടിടത്തിന്‍റെ ബലക്ഷയം സംബന്ധിച്ച് മുൻപ് ഔദ‍്യോഗിക റിപ്പോർട്ടുകൾ ഒന്നും തന്നെയില്ലായിരുന്നുവെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
കെട്ടിടത്തിനോട് ചേർന്ന് നിർമ്മിച്ച ബാത്ത്റൂം ആണ് തകർന്നതെന്നും ഇത് കെട്ടിടം നിർമ്മിക്കുമ്പോൾ ഉണ്ടായിരുന്നതല്ലെന്നും പിന്നീട് നിർമിച്ചതാണെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. കെട്ടിടം തകർന്നുവീണ് മകൾക്ക് കൂട്ടിരിക്കാനെത്തിയ വീട്ടമ്മയായ ബന്ദു മരിച്ചിരുന്നു. ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കല്‍ കോളേജിന്റെ വാര്‍ഡിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് അപകടമുണ്ടായത്.