മോസ്‌കോ: റഷ്യയുടെ കാംചാക്ക തീരത്തെ വൻ ഭൂചലനത്തിന് പിന്നാലെ ജപ്പാൻ, റഷ്യ തീരങ്ങളിൽ സുനാമി. വൻ ഭൂചലനത്തിന് പിന്നാലെയാണ് പ്രദേശങ്ങളിൽ കൂറ്റൻ തിരമാലകൾ പ്രത്യക്ഷപ്പെട്ടത്. റഷ്യയുടെ കിഴക്കൻ പ്രദേശമായ കാംചക്ക പ്രവിശ്യയിൽ ഉണ്ടായ ഭൂചലനം 1952ന് ശേഷമുണ്ടായ എറ്റവും വലുതും പ്രധാനപ്പെട്ടതുമെന്ന് റിപ്പോർട്ട്.
ജപ്പാന്റെ പസിഫിക് തീരത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്തത്ര ഉയരത്തിലാണ് സുനാമി തിരകൾ ഉണ്ടാകുന്നത്. ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ കണക്കനുസരിച്ച് ഏകദേശം 30 സെന്റീമീറ്റർ ഉയരമുള്ള സുനാമി തിരമാലകൾ ഹൊക്കൈഡോയുടെ കിഴക്കൻ തീരത്തുള്ള നെമുറോയിൽ ആഞ്ഞടിച്ചു.
വടക്കൻ പസഫിക് മേഖലയിലാണ് സുനാമിയുണ്ടായത്. അലാസ്ക, ഹവായ്, ന്യൂസിലൻഡിന് തെക്ക് തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പുണ്ട്. ഹോണോലുലുവിൽ സുനാമി മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങുകയും ആളുകൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറുകയും ചെയ്തു.
തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. അമേരിക്കൻ തീരങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. റഷ്യയിലെ വടക്കൻ കുറിൽസ്ക് മേഖലയിലും സുനാമി തിരകൾ കരയിലേക്ക് കയറിത്തുടങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹുക്കുഷിമ ആണവനിലയം ഒഴിപ്പിച്ചു.
ഇവിടുത്തെ വൈദ്യുതി ബന്ധം പൂർണമായി നിലച്ചിരിക്കുന്നുവെന്നാണ് വിവരം. ആളുകൾ സുരക്ഷിതരാണെന്നും ഭീഷണി അവസാനിക്കുന്നത് വരെ ഉയർന്ന സ്ഥലങ്ങളിൽ തുടരുകയാണെന്നും പ്രാദേശിക ഗവർണർ വലേരി ലിമാരെങ്കോ പറഞ്ഞു. എത്രത്തോളം നാശനഷ്ടമുണ്ടായെന്ന് ഇപ്പോൾ വ്യക്തമല്ല.