ന്യൂയോർക്ക്: ബഹിരാകാശ പരീക്ഷണങ്ങളിൽ ഇനി മലയാളിയും. ചരിത്രത്തിൽ ആദ്യമായിട്ടാണ് മലയാളി വേരുകകളുള്ള ഒരാൾ ബഹിരാകാശത്തേക്ക് എത്തുന്നത്. യുഎസ് വ്യോമസേനയിലെ ലഫ്. കേണലും (റിസർവ്) സ്പേസ് എക്സ് കമ്പനിയുടെ മെഡിക്കൽ ഡയറക്ടറുമായിരുന്ന ഡോ.അനിൽ മേനോനാണ് (48) ബഹിരാകാശ നിലയത്തിലെത്തുക. യുഎസിലേക്ക് കുടിയേറിയ മലബാറിൽനിന്നുള്ള ശങ്കരമേനോന്റെയും യുക്രെയ്നിൽ നിന്നുള്ള ലിസ സമോലെങ്കോയുടെയും മകനാണ്.
ഭാര്യ അന്ന മേനോൻ സ്‌പേസ് എക്സിൽ ലീഡ് സ്പെയ്സ് ഓപ്പറേഷൻസ് എൻജിനീയറും ബഹിരാകാശ സഞ്ചാരിയുമാണ്. അനിൽ മേനോൻ 2026 ജൂണിൽ നിലയത്തിലേക്ക് പുറപ്പെടും. എക്സ്പെഡീഷൻ 75 എന്ന ദൗത്യത്തിൽ സോയൂസ് എംഎസ്–29 പേടകത്തിലാണ് അനിൽ മേനോൻ ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്. എട്ട് മാസം നിലയത്തിൽ ചെലവഴിക്കും. ബഹിരാകാശയാത്രികരായ പ്യോട്ടർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരോടൊപ്പം റോസ്‌കോസ്‌മോസ് സോയൂസ് എംഎസ്-29 ബഹിരാകാശ പേടകത്തിലായിരിക്കും യാത്രയെന്ന് നാസ അറിയിച്ചു.