തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമത്തെക്കുറിച്ച് താന്‍ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ കൂടുതൽ കാര്യങ്ങൾ വ്യക്തമായി ഡോ. ഹാരിസ് ചിറയ്ക്കല്‍ രംഗത്ത്. താന്‍ നടത്തിയത് പ്രൊഫഷണല്‍ സൂയിസൈഡെന്ന് ഡോ ഹാരിസ് ചിറയ്ക്കൽ പറഞ്ഞു. നടപടി ഉണ്ടായാലും നിലപാട് തുടരുമെന്നും താൻ മന്ത്രിയേയും മന്ത്രിസഭയേയും കുറ്റപ്പെടുത്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബ്യൂറോക്രസിയെക്കുറിച്ച് മാത്രമാണ് ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ വാതിലുകളും കൊട്ടിയടയ്ക്കപ്പെട്ടപ്പോഴാണ് പ്രതികരിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ ആരോഗ്യമേഖല ഉയര്‍ച്ചയിലേക്ക് പോകുമെന്നും ഡോ ഹാരിസ് കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലിൽ വിഷമമില്ലെന്നും അദ്ദേഹം ഗുരുനാഥന് തുല്യനാണെന്നും ഹാരിസ് ചിറയ്ക്കൽ പറയുന്നു.
അതേസമയം താന്‍ സൂചിപ്പിച്ച പ്രശ്‌നത്തിന് മാത്രമാണ് പരിഹാരമായതെന്നും പ്രതിസന്ധി പൂര്‍ണമായും മാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിയതിൽ സംതൃപ്തനാണെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല താന്‍ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ ആശുപത്രികളിലേക്ക് നടക്കുന്ന പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. സമരങ്ങളും പ്രശ്‌നങ്ങളും ഉണ്ടാക്കരുതെന്നും സമരക്കാര്‍ പിന്‍മാറണമെന്നും ഡോ. ഹാരിസ് ആവശ്യപ്പെട്ടു.