വാഷിംഗ്ടൺ: ഗാസയിൽ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചുവെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. 60 ദിവസത്തെ വെടിനിര്‍ത്തലിനാണ് ഇസ്രയേല്‍ സമ്മതമറിയിച്ചത്. സമൂഹമാധ്യമമായ എക്സ് പോസ്റ്റിലൂടെയുള്ള ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം.
ഈ കാലയളവില്‍ യുദ്ധം അവസാനിപ്പിക്കാന്‍ മറ്റുള്ളവരോടൊപ്പം താനും പ്രവര്‍ത്തിക്കുമെന്നും ട്രംപ് അറിയിച്ചു. അത്യാവശ്യമായ ധാരണകൾക്ക് ഇസ്രയേൽ സമ്മതിച്ചുവെന്നാണ് ട്രംപ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഗാസയില്‍ ശാശ്വത സമാധാനം സ്ഥാപിക്കും.
മാത്രമല്ല ഹമാസ് കരാര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കരാർ അംഗീകരിക്കുന്നതാണ് ഹമാസിന് നല്ലതെന്നും ട്രംപ് വ്യക്തമാക്കി. അന്തിമ നിര്‍ദേശങ്ങള്‍ ഖത്തറും ഈജിപ്തും അവതരിപ്പിക്കുമെന്നും ട്രംപ് വ്യക്തമാക്കി. നേരത്തെ വെടിനിർത്തലിനായി അമേരിക്ക മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ ഹമാസ് തള്ളിക്കളഞ്ഞിരുന്നു. അതേസമയം അമേരിക്കയിലെ ഇസ്രയേൽ എംബസി ഇത് സ്ഥിരീകരിക്കുകയോ വിഷയത്തിൽ പ്രതികരിക്കുകയോ ചെയ്തിട്ടില്ല.