‘100 കൊല്ലം വേണമെങ്കിലും ശിക്ഷിച്ചോളൂ’: വധശിക്ഷയ്ക്കുശേഷം ചർച്ചയായി ചെന്താമരയുടെ വാക്കുകൾ
പാലക്കാട്: ഇരട്ടക്കൊലപാതകക്കേസിൽ പ്രതിയായ ചെന്താമരയ്ക്ക് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. പോത്തുണ്ടി തിരുത്തംപാടം ബോയൻ ഉന്നതിയിൽ സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി.
ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ ചെന്താമര, ‘രണ്ടു പേരെ കൊന്നു; 100 കൊല്ലം വേണമെങ്കിലും എന്നെ ശിക്ഷിച്ചോളൂ. എത്രയും പെട്ടെന്ന് വിധി വേണം. ഇനി പുറത്തിറങ്ങേണ്ട, ആരെയും കാണേണ്ട’ എന്ന് പറഞ്ഞിരുന്നു.
ആദ്യ കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് പ്രതി വീണ്ടും കൊലപാതകം നടത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. കൊലപാതകങ്ങളിൽ പ്രതിക്ക് കുറ്റബോധമില്ലെന്നും, ജാമ്യ വ്യവസ്ഥകൾ ലംഘിച്ചാണ് കൊലപാതകങ്ങൾ നടത്തിയതെന്നും കോടതി നിരീക്ഷിച്ചു.
സുധാകരന്റെ മക്കൾക്ക് ചെന്താമര ഭീഷണിയാണെന്നും, പ്രതി വീണ്ടും കുറ്റകൃത്യം ചെയ്യാൻ സാധ്യതയുണ്ടെന്നും ജില്ലാ പ്രോബേഷൻ ഓഫീസറുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയതായി കോടതി പറഞ്ഞു.
കൊലപാതകം നടന്നിട്ട് ഒന്നരവർഷത്തിന് ശേഷമാണ് കേസിൽ വിധി വന്നത്. ബിഎൻഎസ് വകുപ്പ് 103(1), 126(2) എന്നിവ പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
What's Your Reaction?



