കോറോ ഹെൽത്ത് പിരിച്ചുവിടൽ: ധാരണയായി; അഞ്ചുമാസ ശമ്പളവും രേഖകളും നൽകും

Jul 20, 2026 - 15:39
Jul 20, 2026 - 15:39
 0
കോറോ ഹെൽത്ത് പിരിച്ചുവിടൽ: ധാരണയായി; അഞ്ചുമാസ ശമ്പളവും രേഖകളും നൽകും

കൊച്ചി: കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ വിഷയത്തിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ധാരണയായി. ജീവനക്കാരുടെ താൽപര്യം പരിഗണിച്ചാണ് തീരുമാനം എടുത്തതെന്ന് മന്ത്രി അറിയിച്ചു.

ചർച്ച ഫലപ്രദമായിരുന്നുവെന്നും സന്തോഷത്തോടെയാണ് വിവരങ്ങൾ പങ്കുവെയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു. പന്ത്രണ്ട് ശതമാനം ജീവനക്കാരെ മറ്റ് സ്ഥാപനങ്ങളിലേക്ക് ക്രമീകരിക്കാമെന്ന് കമ്പനി നിർദേശിച്ചെങ്കിലും തൊഴിൽ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ കാരണം സർക്കാർ അത് നിരസിച്ചു.

ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം അടുത്ത ഞായറാഴ്ചയ്ക്കുള്ളിൽ നൽകുമെന്ന് കമ്പനി അറിയിച്ചു. മുമ്പ് നൽകിയ രണ്ടുമാസ ശമ്പളത്തിന് പുറമേയാണിത്. കൂടാതെ, മറ്റ് സ്ഥാപനങ്ങളിൽ ജോലിക്ക് പ്രവേശിക്കാൻ ആവശ്യമായ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ്, റിലീവിങ് രേഖകൾ ഉൾപ്പെടെ എല്ലാ രേഖകളും നൽകുമെന്നും കമ്പനി ഉറപ്പുനൽകി.

ഈ വിഷയത്തിൽ ജൂലൈ 10ന് മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ ചർച്ച നടന്നിരുന്നുവെങ്കിലും അന്ന് തീരുമാനമാകാതെ പിരിഞ്ഞിരുന്നു. കമ്പനി നഷ്ടത്തിലാണെന്നും സ്ഥാപനം അടച്ചുപൂട്ടാതെ മറ്റുവഴിയില്ലെന്നുമായിരുന്നു അന്നത്തെ കമ്പനി അധികൃതരുടെ നിലപാട്.

സർക്കാർ ചില ഒത്തുതീർപ്പ് നിർദേശങ്ങൾ മുന്നോട്ടുവെച്ചിരുന്നുവെങ്കിലും ജീവനക്കാരെ വീട്ടിലിരുത്തണമെന്ന കമ്പനിയുടെ നിർദേശത്തോട് സർക്കാർ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് അനുനയ നീക്കമായി വീണ്ടും ചർച്ച നടത്തിയത്. ജീവനക്കാർ ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ മുന്നോട്ടുവെക്കുകയും കമ്പനി അത് അംഗീകരിക്കുകയുമായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow