കൊല്ലം: കൊല്ലത്ത് അരമണിക്കൂറിനിടെ രണ്ട് ആക്രമണങ്ങൾ. കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. കൃത്യം നടന്ന അര മണിക്കൂറിനു ശേഷം നടന്ന് പോകുന്ന യുവാവിനെ വെട്ടി.
കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷിനെയാണ് കൊലപ്പെടുത്തിയത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. വീടിനു നേരെ തോട്ടയെറിഞ്ഞ് പരിഭ്രാന്തി പരത്തിയതിനു പിന്നാലെ വീടിന്‍റെ വാതിൽ തകർത്ത് അഞ്ച് പേരടങ്ങുന്ന സംഘം വാതിൽ തകർത്ത് അകത്തു കയറുകയായിരുന്നു.
വാളും കമ്പിപ്പാരയും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. സന്തോഷിന്റെ കാല് ചുറ്റിക കൊണ്ട് അടിച്ച് തകര്‍ത്തു. കൈയ്ക്കും വെട്ടേറ്റിട്ടുണ്ട്. തുടർന്ന് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. വധശ്രമക്കേസിൽ പ്രതിയാണ് കൊല്ലപ്പെട്ട സന്തോഷ്.
ഇതിനു പിന്നാലെ ഓച്ചിറ വവ്വാക്കാവിൽ അനീറെന്ന യുവാവിനേും വെട്ടിക്കാലപ്പെടുത്താൻ ശ്രമിച്ചു. കാറിലെത്തിയ സംഘം യുവാവിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പുലർച്ചെ രണ്ടരയോടെയാണ് ആക്രമണം നടന്നത്. ഗുരുതരമായി പരിക്കേറ്റ അനീറിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്തോഷിനെ കൊലപ്പെടുത്തിയ അതേ സംഘമാണ് അനീറിനേയും ആക്രമിച്ചതെന്നാണ് സൂചന.