ദക്ഷിണ കൊറിയയിൽ കാട്ടുതീ പടരുന്നു.തെക്കൻ കൊറിയയിലെ തെക്കൻ പ്രദേശങ്ങളിലാണ് കാട്ടുതീ പടർന്നുപിടിക്കുന്നത്. ഏറ്റവും ഒടുവിലെ റിപ്പോർട്ടുകൾ പ്രകാരം കാട്ടുതീയിൽ മരണം 24 ആയി. നൂറുകണക്കിന് നിർമ്മിതികൾ നശിപ്പിക്കുകയും യുനെസ്കോ പൈതൃക കേന്ദ്രങ്ങൾക്ക് ഈ കാട്ടുതീ ഭീഷണി ആകുകയും ചെയ്തു.
തീപിടുത്തത്തെ നേരിടാൻ ഏകദേശം 120 ഹെലികോപ്റ്ററുകളും 9,000 ആളുകളും അണിനിരന്നിട്ടുള്ളത്. മുപ്പതിനായിരത്തോളം പേരെ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചെന്ന് അധികൃതർ അറിയിച്ചു. മാത്രമല്ല പ്രദേശത്തെ നിരവധി വീടുകളും ഫാക്ടറികളും വാഹനങ്ങളും അഗ്നിക്ക് ഇരയായിട്ടുണ്ട്. 1,300 വർഷം പഴക്കമുള്ള ഗൗൺസ് ബുദ്ധക്ഷേത്രവും കാട്ടുതീയിൽ കത്തിനശിച്ചതായി കൊറിയ ഹെറിറ്റേജ് സർവീസ് അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് തെക്കൻ കൊറിയയിലെ തെക്കൻ പ്രദേശങ്ങളിൽ കാട്ടുതീ പടർന്നുപിടിക്കാൻ തുടങ്ങിയത്. കാട്ടുതീ ഇതുവരെയും പൂർണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല.