ബലൂചിസ്ഥാനിൽ ഭീകരാക്രമണം: 9 പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു; 15 ഭീകരരെ വധിച്ചതായി സൈന്യം

Jul 7, 2026 - 22:16
Jul 7, 2026 - 22:16
 0
ബലൂചിസ്ഥാനിൽ ഭീകരാക്രമണം: 9 പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു; 15 ഭീകരരെ വധിച്ചതായി സൈന്യം

ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ പൊലീസ് പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. സിയാറത്ത് ജില്ലയിലെ വിദൂര മേഖലയിലാണ് ആക്രമണം നടന്നത്. നിരവധി പൊലീസുകാർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്.

ആക്രമണത്തിന് പിന്നാലെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ ഭീകരർ തട്ടിക്കൊണ്ടുപോയെങ്കിലും, സൈന്യം നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ എല്ലാവരെയും സുരക്ഷിതമായി മോചിപ്പിച്ചതായി ബലൂചിസ്ഥാൻ സർക്കാർ വക്താവ് ഷാഹിദ് റിന്ദ് അറിയിച്ചു.

സംഭവത്തിന് പിന്നാലെ സുരക്ഷാസേന പ്രദേശം വളഞ്ഞ് വ്യാപക തെരച്ചിൽ നടത്തി. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിൽ 15 ഭീകരരെ സൈന്യം വധിച്ചതായി അധികൃതർ അറിയിച്ചു. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭീകരർക്കെതിരായ സൈനിക നടപടികൾ തുടരുമെന്നും സുരക്ഷാസേനയ്ക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് ശക്തമായ മറുപടി നൽകുമെന്നും അധികൃതർ വ്യക്തമാക്കി.

ഇത്തരം ആക്രമണങ്ങളിലൂടെ രാജ്യത്തെ സമാധാനം തകർക്കാനാവില്ലെന്ന് പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്‌വി പ്രതികരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. എന്നാൽ നിരോധിത സംഘടനയായ ബലൂച് ലിബറേഷൻ ആർമിക്കാണ് ആക്രമണത്തിന് പിന്നിലെന്നാണ് സുരക്ഷാ ഏജൻസികളുടെ പ്രാഥമിക സംശയം.

കഴിഞ്ഞ വാരാന്ത്യത്തിൽ ജിവാനിയിലെ സുരക്ഷാ പോസ്റ്റിന് നേരെ നടന്ന ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി ഏറ്റെടുത്തിരുന്നു. ജൂൺ 29ന് കറാച്ചിയിലെ സിന്ധ് റേഞ്ചേഴ്സ് കോംപൗണ്ടിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നാല് അർധസൈനികർ കൊല്ലപ്പെടുകയും ആറ് ഭീകരരെ സുരക്ഷാസേന വധിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബലൂചിസ്ഥാനിൽ വീണ്ടും വൻ ഭീകരാക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടത്.

What's Your Reaction?

like

dislike

love

funny

angry

sad

wow