പാകിസ്ഥാനിലെ ക്വറ്റയില്‍ ശക്തമായ സ്ഫോടനം; പത്തുപേര്‍ കൊല്ലപ്പെട്ടു, 32 പേര്‍ക്ക് പരിക്ക്
സമീപത്തുള്ള വീടുകളുടെയും കെട്ടിടങ്ങളുടെയും ജനൽച്ചില്ലുകൾ തകർന്നു

ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയെ നടുക്കി തിരക്കേറിയ തെരുവിൽ ശക്തമായ സ്ഫോടനം. ആക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ബലൂചിസ്ഥാൻ ആരോഗ്യ മന്ത്രി സ്ഥിരീകരിച്ചു.
ക്വറ്റയിലെ സർഗൂൺ റോഡിലുള്ള പാകിസ്താൻ അർദ്ധസൈനിക വിഭാഗമായ ഫ്രോണ്ടിയർ കോർപ്‌സിന്റെ (എഫ്.സി.) ആസ്ഥാനത്തിന് സമീപമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതം വളരെ വലുതായിരുന്നു. സമീപത്തുള്ള വീടുകളുടെയും കെട്ടിടങ്ങളുടെയും ജനൽച്ചില്ലുകൾ തകർന്നു.
സ്ഫോടനത്തിന് പിന്നാലെ പ്രദേശത്ത് വെടിയൊച്ച കേട്ടതായി റിപ്പോർട്ടുകളുണ്ട്, ഇത് ജനങ്ങൾക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശക്തമായ സ്ഫോടനം നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
What's Your Reaction?






