ക്ഷേത്ര സംഭാവന മോഷണം; പണം ഓഹരിവിപണിയിൽ നിക്ഷേപിച്ചെന്ന് സംശയം
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലേക്ക് ഭക്തർ നൽകിയ സംഭാവനകളിൽ നിന്ന് മോഷ്ടിച്ച പണത്തിന്റെ ഒരു ഭാഗം പ്രതികൾ ഓഹരിവിപണിയിൽ നിക്ഷേപിച്ചതായി അന്വേഷണ സംഘത്തിന് സംശയം. മോഷ്ടിച്ച പണം ലാഭത്തിനായി നിക്ഷേപിച്ചതായാണ് പ്രാഥമിക കണ്ടെത്തൽ.
ചോദ്യം ചെയ്യലിനിടെ പ്രതികൾ ഇക്കാര്യം സമ്മതിച്ചതായാണ് ന്യൂസ്18 റിപ്പോർട്ട് ചെയ്യുന്നത്. സംശയം തോന്നാതിരിക്കാൻ ബന്ധുക്കളുടെയും വിശ്വസ്തരുടെയും ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് പണം നിക്ഷേപിക്കുകയും ഇടപാടുകൾ നടത്തുകയും ചെയ്തതെന്നും അന്വേഷണത്തിൽ വ്യക്തമായതായി റിപ്പോർട്ടിൽ പറയുന്നു.
പ്രതികളുമായി ബന്ധപ്പെട്ട ഏകദേശം 30 ബാങ്ക് അക്കൗണ്ടുകൾ അന്വേഷണ സംഘം മരവിപ്പിച്ചു. ഈ അക്കൗണ്ടുകൾ ഉപയോഗിച്ചാണ് പണം കൈമാറ്റം നടത്തിയതെന്നാണ് കണ്ടെത്തൽ.
ബുധനാഴ്ച പ്രതികളെ അയോധ്യയിലെ വീടുകളിലെത്തിച്ച് പൊലീസ് പരിശോധന നടത്തി. കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുകയും രേഖകൾ പരിശോധിക്കുകയും സാമ്പത്തിക തെളിവുകൾ ശേഖരിക്കുകയും ചെയ്തു.
മോഷ്ടിച്ച പണം എവിടെയെല്ലാം നിക്ഷേപിച്ചു, ആർക്കെല്ലാം കൈമാറി, അതിൽ നിന്ന് ആർക്കാണ് സാമ്പത്തിക നേട്ടമുണ്ടായത് തുടങ്ങിയ കാര്യങ്ങൾ വിശദമായി അന്വേഷിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. നിക്ഷേപിച്ച തുക കണ്ടെത്താൻ സാമ്പത്തിക വിദഗ്ധരുടെ സഹായവും അന്വേഷണ സംഘം തേടിയിട്ടുണ്ട്.
What's Your Reaction?



