വയനാട് തുരങ്കപാത ദുരന്തം: ജിഎസ്ഐയുടെ അപകട മുന്നറിയിപ്പ് അവഗണിച്ചെന്ന് റിപ്പോർട്ട്; നിർമാണത്തിലെ ഗുരുതര വീഴ്ചകൾ പുറത്ത്
കൽപ്പറ്റ: വയനാട് അനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ (GSI) നൽകിയ സുരക്ഷാ മുന്നറിയിപ്പുകൾ നിർമാണ കമ്പനി അവഗണിച്ചെന്ന ഗുരുതര കണ്ടെത്തൽ. നിർമാണ ചുമതലയുള്ള ദിലീപ് ബിൽഡ്കോണിന് ജിഎസ്ഐ 2026 ജൂൺ 14-ന് കൈമാറിയ റിപ്പോർട്ടിലാണ് സ്ഥലത്തെ അപകടസാധ്യതയും നിർമാണത്തിലെ സാങ്കേതിക അപാകതകളും വ്യക്തമായി ചൂണ്ടിക്കാട്ടിയിരുന്നത്. റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നതോടെയാണ് നിർണായക വിവരങ്ങൾ വെളിച്ചത്തായത്.
സുരക്ഷാ ഭിത്തിയുടെ ഇടത് ഭാഗത്ത് വിള്ളലുകൾ രൂപപ്പെട്ടിരുന്നതായും റോക്ക് നെയിലിംഗ് നടത്തേണ്ട മേഖലയിൽ സോയിൽ നെയിലിംഗ് നടത്തിയതിലൂടെ സാങ്കേതിക പിഴവ് സംഭവിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മഴവെള്ളം ഫലപ്രദമായി ഒഴുക്കിവിടാൻ ആവശ്യമായ വീപ്പ് ഹോളുകളുടെ അഭാവവും മണ്ണിനുള്ളിലെ ജലസമ്മർദം വർധിപ്പിച്ച് ദുരന്തസാധ്യത കൂട്ടിയതായി ജിഎസ്ഐ വിലയിരുത്തുന്നു. വിദഗ്ധർ നൽകിയ മുന്നറിയിപ്പുകൾ സമയബന്ധിതമായി പരിഗണിച്ചിരുന്നുവെങ്കിൽ അപകടത്തിന്റെ തീവ്രത കുറയ്ക്കാനാകുമായിരുന്നുവെന്ന വിലയിരുത്തലും റിപ്പോർട്ടിൽ അടങ്ങിയിട്ടുണ്ട്.
2026 ജൂൺ 3 മുതൽ 11 വരെ നോർത്ത് പോർട്ടൽ പ്രദേശത്ത് നടത്തിയ സംയുക്ത ഭൂവിജ്ഞാന-ഭൂസാങ്കേതിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് ജിഎസ്ഐ റിപ്പോർട്ട് തയ്യാറാക്കിയത്. പ്രദേശം പ്രധാനമായും ചാർനോക്കൈറ്റ്, ആംഫിബൊലൈറ്റ്, ഹോൺബ്ലെൻഡ് ഗ്നൈസ് ശിലകളാൽ രൂപപ്പെട്ടതാണെങ്കിലും, കട്ട് ആൻഡ് കവർ മേഖലയിൽ വെള്ളം എളുപ്പത്തിൽ ഒഴുകിപ്പോകാത്ത സിൽട്ടി മണ്ണിന്റെ കട്ടിയേറിയ പാളിയാണ് നിലനിൽക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ദീർഘകാല മഴയ്ക്ക് ശേഷം ഈ മണ്ണിൽ ജലസമ്മർദം കുറയാൻ വൈകുന്നതും ചരിവിന്റെ സ്ഥിരതയെ പ്രതികൂലമായി ബാധിക്കുന്നതുമാണ് പ്രധാന ആശങ്കയായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ഇടത് വശത്തെ ചരിവിൽ ഏകദേശം 35 മീറ്റർ വരെ കട്ടിയുള്ള മേൽമണ്ണ് പാളിയുണ്ടെന്നും ബെഞ്ചിംഗ്, ഷോട്ട്ക്രീറ്റ്, സോയിൽ നെയിലിംഗ് തുടങ്ങിയ സംരക്ഷണ നടപടികൾ സ്വീകരിച്ചിരുന്നുവെങ്കിലും അവ പര്യാപ്തമല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. വിള്ളലുകളുടെ വ്യാപനം, ചെറിയ മണ്ണിടിച്ചിലുകൾ, മഴമൂലമുള്ള മണ്ണൊലിപ്പ്, പൊള്ളകൾ രൂപപ്പെടൽ, ചെളിവെള്ളത്തിന്റെ സ്രവണം തുടങ്ങിയ മുന്നറിയിപ്പ് ലക്ഷണങ്ങൾ പരിശോധനയിൽ കണ്ടെത്തിയിരുന്നു. കൂടാതെ സ്ഥാപിച്ചിരുന്ന ഡ്രെയിൻ ഹോളുകളിൽ ഭൂരിഭാഗവും ഫലപ്രദമായി പ്രവർത്തിച്ചിരുന്നില്ലെന്നും നിലവിലെ ഡ്രെയിനേജ് സംവിധാനം അപര്യാപ്തമാണെന്നും ജിഎസ്ഐ റിപ്പോർട്ട് മുന്നറിയിപ്പ് നൽകിയിരുന്നു.
What's Your Reaction?



