കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വിമര്‍ശനവുമായി ശശി തരൂര്‍

Mar 21, 2026 - 14:06
Mar 21, 2026 - 14:07
 0
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി  പട്ടികയില്‍ വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വനിതകളെ തഴഞ്ഞതിൽ വിവാദം കടുക്കുന്നു. ഷമ മുഹമ്മദിന് പിന്നാലെ ശശി തരൂരും വനിതകളെ തഴഞ്ഞതിനെ വിമർശിച്ചു. വിജയസാധ്യത നോക്കി സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നവർ എല്ലാ കാര്യങ്ങളും പരിശോധിക്കണമെന്ന് തരൂർ പറഞ്ഞു. പ്രസ്താവന ഏറ്റുപിടിച്ച ബിജെപി കേരളത്തിലെ കോൺ​ഗ്രസ് വോട്ടെടുപ്പിന് മുൻപേ തന്നെ ഛിന്ന ഭിന്നമായെന്ന് വിമർശിച്ചു.

സീറ്റ് കിട്ടാത്തതിന് പിന്നാലെ കഴിവുള്ള സ്ത്രീകളെ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നിരന്തരം അവ​ഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി എഐസിസി വക്താവ് ഷമ മുഹമ്മദ് ഇന്നലെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഷമയുടെ വാദങ്ങളോട് യോജിച്ച് ശശി തരൂരും രം​ഗത്തെത്തുന്നത്. ജനസംഖ്യയിൽ പകുതിയും വനിതകളായിട്ടും 9.8 ശതമാനം മാത്രമേ വനിതാ സ്ഥാനാർത്ഥികൾ ഉള്ളൂവെന്നും, സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നവരുടെ കൂട്ടത്തിൽ താനില്ല, തീരുമാനം എടുക്കുന്നവർ എല്ലാ വസ്തുതകളും പരിശോധിക്കണമെന്നും നേതൃത്വത്തെ വിമർശിച്ച് ശശി തരൂർ പറയുന്നു. വനിതാ സംവരണം യാഥാർത്ഥ്യമാകുന്നതോടെ കഠിനാധ്വാനികളായ വനിതാ നേതാക്കൾക്ക് പരി​ഗണന കിട്ടുമെന്ന് കരുതുന്നതായും തരൂർ പറഞ്ഞു.

ഷമ മുഹമ്മദിന്റെയും തരൂരിന്റെയും പ്രതികരണം ആയുധമാക്കുകയാണ് ബിജെപി. ​കോൺ​ഗ്രസിന്റെ വനിതാ സംവരണ നയം ​ഗാന്ധി കുടുംബത്തിലും കൂട്ടാളികളിലും മാത്രം ഒതുങ്ങിയതാണെന്നും, ഇവരുടെ വോട്ട് ബാങ്ക് രാഷ്ട്രീയം കാരണം ദീർഘകാലം രാജ്യത്ത് വനിതകൾക്ക് നീതി നിഷേധിക്കപ്പെട്ടുവെന്നും ബിജെപി വിമർശിച്ചു. കോൺ​ഗ്രസ് പ്രഖ്യാപിച്ച പട്ടികയില് 9 പേരാണ് സ്ത്രീകൾ. സിപിഎം പത്തും ബിജെപി 13 ഉം വനിതകൾക്കാണ് സീറ്റ് നൽകിയത്. അടുത്ത വർഷം ആദ്യം മുതൽ വനിത സംവരണം നടപ്പാക്കാനുള്ള ബില്ല് തിങ്കളാഴ്ച പാർലമെൻറ് പരിഗണിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ബിജെപി വിഷയം ചർച്ചയാക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow