നീറ്റ് ചോദ്യപേപ്പർ ചോർച്ച: വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ രാത്രി വൈകിയും പ്രതിഷേധം

Jun 20, 2026 - 22:10
Jun 20, 2026 - 22:11
 0
നീറ്റ് ചോദ്യപേപ്പർ ചോർച്ച: വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ രാത്രി വൈകിയും പ്രതിഷേധം

ദില്ലി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർ മന്തറിൽ സി ജെ പി സംഘടിപ്പിച്ച പ്രതിഷേധം രാത്രി വൈകിയും തുടർന്നു. സമരം അവസാനിപ്പിച്ച് പിരിഞ്ഞുപോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാർ പിന്മാറാൻ തയ്യാറായില്ല.

സമരക്കാരെ അറസ്റ്റ് ചെയ്യാൻ വെല്ലുവിളിച്ചുകൊണ്ട് സി ജെ പി നേതാവ് അഭിജിത് ദീപ്കെ രംഗത്തെത്തി. രാജ്യത്തെ ഒരു കോടിയിലധികം വിദ്യാർഥികളുടെ ഭാവി തകർത്ത മന്ത്രിയുടെ രാജി ലഭിക്കുന്നതുവരെ പിന്നോട്ടില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

സമരക്കാരെ ബുദ്ധിമുട്ടിക്കാൻ ജന്തർ മന്തറിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതായും ബാരിക്കേഡുകൾ സ്ഥാപിച്ച് കുടിവെള്ള വിതരണം തടഞ്ഞതായും പ്രതിഷേധക്കാർ ആരോപിച്ചു. "കുടിവെള്ളവും വൈദ്യുതിയും തടയാൻ ഞങ്ങൾ തീവ്രവാദികളാണോ?" എന്ന് ചോദിച്ച പ്രതിഷേധക്കാർ, കടുത്ത ഭാഷയിലാണ് പൊലീസിന്റെ നടപടിക്കെതിരെ പ്രതികരിച്ചത്.

വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് പ്രവർത്തകരോട് മൊബൈൽ ഫ്ലാഷ് ലൈറ്റുകൾ ഓണാക്കി ഇൻസ്റ്റഗ്രാം ലൈവിലൂടെ പ്രതിഷേധം ലോകത്തെ അറിയിക്കാൻ അഭിജിത് ദീപ്കെ ആഹ്വാനം ചെയ്തു. ജനാധിപത്യപരമായ സമാധാന സമരം പോലും സർക്കാർ അനുവദിക്കുന്നില്ലെന്നും, മറ്റൊരു പ്രതിഷേധ വേദി അനുവദിച്ചാൽ അവിടേക്ക് മാറാൻ തയ്യാറാണെന്നും നേതാക്കൾ വ്യക്തമാക്കി.

മണിക്കൂറുകൾ നീണ്ട സംഘർഷാവസ്ഥയ്ക്കൊടുവിൽ ജന്തർ മന്തറിലെ വെള്ളവും വൈദ്യുതി ബന്ധവും പൊലീസ് പുനഃസ്ഥാപിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ ആരംഭിച്ച പ്രതിഷേധം ഒമ്പത് മണിക്കൂർ പിന്നിട്ടപ്പോഴും ശക്തമായി തുടരുകയായിരുന്നു. മന്ത്രി രാജിവയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ.

രാത്രിയിലും ജന്തർ മന്തറിൽ പ്രതിഷേധം തുടരാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് അഭിജിത് ദീപ്കെ നേരത്തെ ദില്ലി ഡി സി പിക്ക് കത്തുനൽകിയിരുന്നെങ്കിലും ദില്ലി പൊലീസ് അനുമതി നിഷേധിച്ചു. പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ പൊലീസ് ബലം പ്രയോഗിക്കുമോയെന്നത് കണ്ടറിയേണ്ടതുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow