കാമുകിയും സഹോദരനും ചേർന്ന് വധഗൂഢാലോചന നടത്തിയെന്ന് തേജ് പ്രതാപ് യാദവ്; 8 പേർക്കെതിരെ പരാതി
പട്ന: കാമുകി അനുഷ്ക യാദവും സഹോദരൻ ആകാശ് യാദവും ചേർന്ന് തന്നെയും പിതാവ് ലാലു പ്രസാദ് യാദവിനെയും കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ആർജെഡി നേതാവ് തേജ് പ്രതാപ് യാദവ് പൊലീസിൽ പരാതി നൽകി. അനുഷ്ക യാദവും കുടുംബാംഗങ്ങളും ഉൾപ്പെടെ എട്ട് പേർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
ആകാശ് യാദവിൽ നിന്ന് വധഭീഷണി നേരിട്ടതായും നാല് പേർ വീട്ടിൽ അതിക്രമിച്ച് കയറിയതായും തേജ് പ്രതാപ് ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ സചിവാലയ് പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
"എന്റെ പ്രതിഛായ തകർക്കാനുള്ള ശ്രമങ്ങൾ നേരത്തേ മുതൽ നടക്കുന്നുണ്ട്. രോഗബാധിതനായ പിതാവ് ലാലു പ്രസാദ് യാദവിനെയും എന്നെയും കൊല്ലാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. ആകാശ് യാദവിന് ഞങ്ങളെ കൊലപ്പെടുത്താനാണ് ഉദ്ദേശം. പ്രതിപക്ഷവുമായി ചേർന്നാകാം ഈ നീക്കമെന്നും സംശയമുണ്ട്" എന്ന് തേജ് പ്രതാപ് യാദവ് പറഞ്ഞു.
ആകാശ് യാദവ് ആർജെഡി വിദ്യാർഥി വിഭാഗം നേതാവും തേജ് പ്രതാപിന്റെ അടുത്ത സഹായിയുമായിരുന്നു.
2025-ൽ അനുഷ്ക യാദവിനൊപ്പമുള്ള ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പങ്കുവെച്ചതിനെ തുടർന്നാണ് തേജ് പ്രതാപ് യാദവിനെ ആർജെഡിയിൽ നിന്ന് ആറു വർഷത്തേക്ക് പുറത്താക്കിയത്. അനുഷ്കയുമായി 12 വർഷമായി പ്രണയത്തിലായിരുന്നുവെന്നും അദ്ദേഹം പിന്നീട് വെളിപ്പെടുത്തിയിരുന്നു.
2018-ൽ ആർജെഡി നേതാവായിരുന്ന ചന്ദ്രികാ റായിയുടെ മകൾ ഐശ്വര്യ റായിയെ തേജ് പ്രതാപ് വിവാഹം ചെയ്തിരുന്നെങ്കിലും പിന്നീട് ഇരുവരും വേർപിരിഞ്ഞു. വിവാഹമോചന കേസ് കോടതിയിൽ തുടരുന്നതിനിടെയാണ് അനുഷ്കയുമായുള്ള ബന്ധം പരസ്യമായത്. ഇതോടെ സാന്മാർഗിക മൂല്യങ്ങൾക്കു നിരക്കാത്ത പെരുമാറ്റമാണ് പുറത്താക്കലിന് കാരണമെന്ന് ലാലു പ്രസാദ് യാദവ് വ്യക്തമാക്കിയിരുന്നു.
What's Your Reaction?



