കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജിതിന്‍ ഭാസ്‌കറിന് 14 ദിവസത്തെ റിമാന്‍ഡ്; ഫോണ്‍ റീസെറ്റ് ചെയ്തെന്ന് എസ്‌ഐടി
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിലെ പ്രതി ജിതിന്‍ ഭാസ്‌കറിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതിനെ തുടര്‍ന്നാണ് നടപടി.
സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചതും പിന്നീട് ബ്രോഡ്കാസ്റ്റ് ലിസ്റ്റ് ഉപയോഗിച്ച് പ്രചരിപ്പിച്ചതും ജിതിന്‍ ഭാസ്‌കര്‍ തന്നെയാണെന്നാണ് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) കണ്ടെത്തിയത്. കഴിഞ്ഞ അഞ്ച് ദിവസമായി ജിതിന്‍ ഭാസ്‌കറിനെ വിശദമായി ചോദ്യം ചെയ്തതില്‍നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്നും അന്വേഷണസംഘം വ്യക്തമാക്കി.
പ്രതി മൊബൈല്‍ ഫോണ്‍ റീസെറ്റ് ചെയ്തതിനെ തുടര്‍ന്ന് തെളിവുകള്‍ നഷ്ടപ്പെട്ടതായി ജില്ലാ ഫോറന്‍സിക് ലാബ് പരിശോധനയില്‍ കണ്ടെത്തി. കൂടുതല്‍ പരിശോധനയ്ക്കായി ഫോണ്‍ സ്റ്റേറ്റ് ഫോറന്‍സിക് ലാബിലേക്ക് അയക്കാന്‍ എസ്‌ഐടി കോടതിയുടെ അനുമതി തേടും. നിലവില്‍ ഫോണ്‍ കോടതിയുടെ കസ്റ്റഡിയിലാണ്.
ജിതിന്‍ ഭാസ്‌കറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനും എസ്‌ഐടി നീക്കം നടത്തുകയാണ്. തിങ്കളാഴ്ച വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം.
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ഏകദേശം 200 വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് പങ്കുവെച്ചതായും അന്വേഷണസംഘം കണ്ടെത്തി. ജിതിന്‍ ഭാസ്‌കര്‍ ആദ്യം 'വടകര സ്‌ക്വാഡ്' എന്ന ഗ്രൂപ്പിലും പിന്നീട് ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ 'റെഡ് എന്‍കൗണ്ടര്‍' എന്ന ഗ്രൂപ്പിലുമാണ് സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചതെന്നാണ് എസ്‌ഐടിയുടെ നിഗമനം.
അതേസമയം, ജിതിന്‍ ഭാസ്‌കറിനെ പിന്തുണച്ച് ഡിവൈഎഫ്‌ഐ രംഗത്തെത്തിയിരുന്നു. യുഡിഎഫ് തിരക്കഥ അനുസരിച്ചാണ് എസ്‌ഐടി പ്രതികളെ നിശ്ചയിച്ചതെന്നും ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി എല്‍.ജി. ലിജീഷ് ആരോപിച്ചു. ഇതിന് മറുപടിയായി വടകര എം.പി. ഷാഫി പറമ്പില്‍, ജിതിന്‍ ഭാസ്‌കറിന് രാഷ്ട്രീയ സംരക്ഷണം നല്‍കുന്നത് സ്‌ക്രീന്‍ഷോട്ട് നിര്‍മാണത്തിനും പ്രചാരണത്തിനും പിന്നിലുള്ളവര്‍ തന്നെയായതിനാലാണെന്ന് ആരോപിച്ചു.
What's Your Reaction?



