സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൂടി ഷിഗെല്ല; ഈ മാസം 133 രോഗബാധയും 5 മരണവും

Jun 20, 2026 - 22:17
Jun 20, 2026 - 22:17
 0
സംസ്ഥാനത്ത്  ഇന്ന് 13 പേർക്ക് കൂടി ഷിഗെല്ല; ഈ മാസം 133 രോഗബാധയും 5 മരണവും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പേർക്കുകൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് നാലുപേർക്കും, മലപ്പുറം, കണ്ണൂർ ജില്ലകളിൽ മൂന്നുപേർ വീതവും, പാലക്കാട് രണ്ടുപേർക്കും, കൊല്ലത്ത് ഒരാൾക്കുമാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.

സംസ്ഥാനത്ത് ഈ മാസം ഇതുവരെ 133 ഷിഗെല്ല കേസുകളും അഞ്ച് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ആകെ 209 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ജൂൺ മാസത്തിൽ കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തത്. നിലവിൽ കോഴിക്കോട് (40), വയനാട് (18), തൃശൂർ (11), ആലപ്പുഴ (3) ജില്ലകളിൽ ഷിഗെല്ല ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം (19), തിരുവനന്തപുരം (15), കൊല്ലം (9), കണ്ണൂർ (10), ഇടുക്കി (3), പാലക്കാട് (3), എറണാകുളം (2) ജില്ലകളിലും ജൂൺ മാസത്തിൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, നിപ ബാധിതന്റെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ആരോഗ്യപ്രവർത്തകയുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിശോധനയ്ക്ക് വിധേയരായ 15 പേരുടെയും ഫലങ്ങൾ നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

നിപ ബാധിതൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ തുടരുകയാണ്. രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഇന്ന് പുതുതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ 104 പേരാണ് പട്ടികയിലുള്ളത്. ഇതിൽ നാല് പേർ അതീവ ഉയർന്ന അപകടസാധ്യത വിഭാഗത്തിലും, 14 പേർ ഉയർന്ന അപകടസാധ്യത വിഭാഗത്തിലും, 86 പേർ കുറഞ്ഞ അപകടസാധ്യത വിഭാഗത്തിലുമാണ്.

രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ ഡിവിഷൻ അഞ്ചിലെ 81 വീടുകളിൽ ആരോഗ്യപ്രവർത്തകർ ഇന്ന് സന്ദർശനം നടത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow