'അമ്മ' ജനറല്‍ ബോഡിയില്‍ പൊട്ടിത്തെറി; അന്‍സിബയുടെ ഗുരുതര ആരോപണം, ഭരണസമിതിക്കെതിരെ പ്രതിഷേധം

Jun 21, 2026 - 18:43
Jun 21, 2026 - 18:44
 0
'അമ്മ' ജനറല്‍ ബോഡിയില്‍ പൊട്ടിത്തെറി; അന്‍സിബയുടെ ഗുരുതര ആരോപണം, ഭരണസമിതിക്കെതിരെ പ്രതിഷേധം

കൊച്ചി: 'അമ്മ' ജനറല്‍ ബോഡി യോഗത്തില്‍ കടുത്ത വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും. എക്‌സിക്യൂട്ടീവ് കമ്മിറ്റി തന്റെ പരാതി കേള്‍ക്കാന്‍ തയ്യാറായില്ലെന്നും തനിക്ക് നീതി ലഭിച്ചില്ലെന്നും നടി അന്‍സിബ ഹസ്സന്‍ ആരോപിച്ചു. സംഘടനയ്ക്കുള്ളില്‍ ഗൂഢാലോചന നടന്നതായും അതുകൊണ്ടാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചതെന്നും അന്‍സിബ പറഞ്ഞു.

താന്‍ പരാതി ഉന്നയിച്ചപ്പോള്‍ നടന്‍ ടിനി ടോം അതിനെ 'ഊള കേസ്' എന്ന് വിശേഷിപ്പിച്ചെന്നും തന്നെ മതവര്‍ഗീയവാദിയായി ചിത്രീകരിച്ചെന്നും അന്‍സിബ ആരോപിച്ചു.

അതേസമയം, ഇന്നത്തെ ജനറല്‍ ബോഡി യോഗത്തില്‍ ഭരണസമിതിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. സംഘടനയുടെ പേര് പൊതുസമൂഹത്തിന് മുന്നില്‍ ചീഞ്ഞളിഞ്ഞെന്നും നിലവിലെ ഭരണസമിതി പിരിച്ചുവിടണമെന്നും ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെട്ടു. സംഘടനയുടെ പ്രതിച്ഛായ തകര്‍ത്തത് സംഘടനയ്ക്കുള്ളിലുള്ളവരാണെന്നും അംഗങ്ങള്‍ ആരോപിച്ചു.

ഭരണസമിതിക്കെതിരെ ഒരു വിഭാഗം അവിശ്വാസ പ്രമേയവും തയ്യാറാക്കി. നേതൃത്വം സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നും പുതിയ ഭരണസമിതി ഒഴിയണമെന്നും തെറ്റുകള്‍ക്ക് നിരുപാധികം മാപ്പ് പറയണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനാകാത്ത സാഹചര്യമാണുള്ളതെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ വാര്‍ഷിക റിപ്പോര്‍ട്ടിലെ കണക്കുകളില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് പാസാക്കുന്നതിനെതിരെ നടന്‍ സിദ്ദിഖ്, ഇടവേള ബാബു, രഞ്ജി പണിക്കര്‍ എന്നിവര്‍ രംഗത്തെത്തി. വിഷയത്തില്‍ മോഹന്‍ലാല്‍ നിലപാട് സ്വീകരിക്കണമെന്ന് ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് വൈകാരികമായി സംസാരിച്ച മോഹന്‍ലാല്‍, സംഘടനയെ ഒരു തരത്തിലും തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് പറഞ്ഞു. ഇതിനിടെ സംഘടനാ പ്രസിഡന്റ് ശ്വേത മേനോന്‍ വേദിയില്‍ കയറി രാജി സന്നദ്ധത അറിയിക്കുകയും പിന്നീട് അംഗങ്ങളുടെ അഭ്യര്‍ഥന പ്രകാരം വിശദീകരണത്തിനായി വീണ്ടും സംസാരിക്കാന്‍ തയ്യാറാകുകയും ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow