കൊച്ചി കപ്പൽശാലയിൽ 'ഐ ലവ് പാക്കിസ്ഥാൻ' കുറിപ്പ്; പൊലീസ് കേസ് രജിസ്റ്റർ ചെയ്തു
കൊച്ചി: കൊച്ചി കപ്പൽശാലയിൽ നിർമാണത്തിലിരിക്കുന്ന കപ്പലിന്റെ ചുമരിൽ 'ഐ ലവ് പാക്കിസ്ഥാൻ' എന്ന് കോറിയിട്ട സംഭവത്തിൽ സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കപ്പൽശാലയിലെ ഔട്ട്ഫിറ്റ് ഡിപ്പാർട്മെന്റ് ഷിപ് ബിൽഡിങ് ഡിവിഷനിലെ അസിസ്റ്റന്റ് മാനേജറുടെ പരാതിയിലാണ് നടപടി.
രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അപകടപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിച്ചതിന് എതിരെയുള്ള ഭാരതീയ ന്യായസംഹിത (BNS) വകുപ്പ് 152 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ ജീവപര്യന്തം തടവോ ഏഴ് വർഷം വരെ തടവോ ലഭിക്കാവുന്ന വകുപ്പാണിത്.
യുകെയിലെ നോർത്ത് സ്റ്റാർ ഷിപ്പിങ്ങിനായി നിർമിക്കുന്ന കപ്പലിന്റെ ഉള്ളിലെ ചുമരിൽ മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് വളരെ ചെറുതായി കോറിയിട്ട നിലയിലായിരുന്നു എഴുത്ത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ കപ്പൽശാലയുടെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് പൊലീസിനെ വിവരം അറിയിച്ചു.
ആദ്യം പ്രാഥമിക അന്വേഷണം നടത്തിയ പൊലീസ് പിന്നീട് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. വിവിധ വിഭാഗങ്ങളിലായി ഏകദേശം 200 ജീവനക്കാരാണ് കപ്പലിൽ ജോലി ചെയ്യുന്നത്. കരാർ, താൽക്കാലിക ജീവനക്കാരടക്കമുള്ളവരിൽ നിന്ന് പൊലീസ് മൊഴിയെടുക്കുന്നുണ്ട്.
നിർമാണത്തിലിരിക്കുന്ന കപ്പലിന്റെ ഉള്ളിൽ സിസിടിവി ക്യാമറകളില്ലാത്തതിനാൽ, ആരാണ് എഴുത്ത് കോറിയതെന്നും കൃത്യമായി എപ്പോഴാണിതുണ്ടായതെന്നും കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഫെബ്രുവരി 25-ന് ശേഷമുള്ള ഏതെങ്കിലും സമയത്താണ് ഇത് എഴുതപ്പെട്ടതെന്നാണ് പൊലീസിന്റെ നിഗമനം. ജൂൺ 10-നാണ് സംഭവം കണ്ടെത്തിയത്. തുടർന്ന് കപ്പൽശാല അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
What's Your Reaction?



