തെരുവ് നായയുടെ ആക്രമണം; വീണ് ഗുരുതരമായി പരിക്കേറ്റ വയോധികന് കാഴ്ച നഷ്ടമായി
തിരുവനന്തപുരം: തെരുവ് നായകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് ഗുരുതരമായി പരിക്കേറ്റ വയോധികന് ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. വെട്ടമുക്ക് കട്ടച്ചൽ റോഡിലെ കെആർഡബ്ല്യുഎ 192-ൽ താമസിക്കുന്ന 69 വയസുകാരൻ ചന്ദ്രനാണ് അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വാർഡ് നമ്പർ 7-ൽ, ബെഡ് നമ്പർ 47-ൽ ചികിത്സയിലാണ്.
ജൂൺ 5-ന് രാവിലെ 9.30ഓടെ സ്വന്തം വീടിന്റെ ഗേറ്റിന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ചന്ദ്രനെ തെരുവ് നായകൾ ആക്രമിച്ചത്. നായകളെ കണ്ട് ഭയന്ന ചന്ദ്രൻ തെന്നിവീഴുകയും വലത് കണ്ണിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇതോടെ കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടമായതായി ബന്ധുക്കൾ അറിയിച്ചു. കൂടാതെ മുഖത്തും ചുണ്ടിലും നായയുടെ കടിയേറ്റിട്ടുണ്ട്.
ഇതേ പ്രദേശത്ത് മുമ്പും തെരുവ് നായ ശല്യം രൂക്ഷമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. റസിഡൻഷ്യൽ അസോസിയേഷന്റെ വൈസ് പ്രസിഡന്റ് ശ്രീമതി രാജലക്ഷ്മിയെയും നേരത്തെ നായ ആക്രമിച്ചിരുന്നു. അന്ന് ശരീരത്തിൽ പരിക്കേൽക്കാതിരുന്നെങ്കിലും വസ്ത്രം കീറുകയും ഓടി രക്ഷപ്പെടുകയും ചെയ്തിരുന്നു. അടുത്തിടെ എൻസിസി ഓഫീസിലെ രണ്ട് ജീവനക്കാരെയും തെരുവ് നായകൾ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അവർ രക്ഷപ്പെടുകയായിരുന്നു.
പ്രദേശത്തെ ഒരു വീട്ടുകാർ സ്ഥിരമായി നായകൾക്ക് ഭക്ഷണം നൽകുന്നതിനാലാണ് നായകൾ ഇവിടെ തമ്പടിക്കുന്നതെന്നാണ് റസിഡൻഷ്യൽ അസോസിയേഷൻ ഭാരവാഹികളുടെ ആരോപണം. പലതവണ അഭ്യർഥിച്ചിട്ടും ഭക്ഷണം നൽകുന്നത് അവസാനിപ്പിക്കാൻ തയ്യാറായിട്ടില്ലെന്നും അവർ പറയുന്നു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ചന്ദ്രന്റെ ചികിത്സാച്ചെലവ് നഗരസഭ ഏറ്റെടുക്കണമെന്നും പ്രദേശത്തെ തെരുവ് നായകളെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കണമെന്നും റസിഡൻഷ്യൽ അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
What's Your Reaction?



