വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച എംബിബിഎസ് വിദ്യാർഥി പിടിയിൽ; മെഡിക്കൽ കോളേജിൽ പ്രതിഷേധം
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ നിന്ന് വിദ്യാർഥിനികളുടെ ചിത്രങ്ങൾ ശേഖരിച്ച് മോർഫ് ചെയ്ത് അശ്ലീല വെബ്‌സൈറ്റുകൾ വഴി പ്രചരിപ്പിച്ചെന്ന പരാതിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് കാക്കവയൽ സ്വദേശിയായ ഏബലാണ് കേസിൽ പിടിയിലായത്. പിന്നീട് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു.
പരാതി പ്രകാരം, മെഡിക്കൽ കോളേജിലെ നിരവധി സീനിയർ വിദ്യാർഥിനികളുടെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് ശേഖരിച്ച ശേഷം കൃത്രിമമായി മാറ്റം വരുത്തി അശ്ലീല ഉള്ളടക്കത്തോടൊപ്പം പ്രചരിപ്പിക്കുകയായിരുന്നു. ആദ്യം ഏതാനും ചിത്രങ്ങൾ സഹപാഠികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ കൂടുതൽ വിദ്യാർഥിനികളുടെ ചിത്രങ്ങളും സമാന രീതിയിൽ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയെന്നാണ് വിവരം.
സംഭവത്തിൽ പരാതി നൽകിയിട്ടും പൊലീസ് തുടക്കത്തിൽ ഗുരുതര വകുപ്പുകൾ ചുമത്തിയില്ലെന്നാണ് വിദ്യാർഥിനികളുടെ ആരോപണം. കൂടുതൽ പരാതികൾ ഉയർന്നിട്ടും ആവശ്യമായ നടപടി വൈകുകയാണെന്ന ആക്ഷേപത്തെ തുടർന്ന് വിദ്യാർഥികൾ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തി. സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവും പ്രതിഷേധക്കാർ ഉന്നയിച്ചു.
സംഭവം മെഡിക്കൽ കോളേജ് ക്യാമ്പസിൽ വലിയ ആശങ്കയ്ക്കിടയാക്കിയിരിക്കുകയാണ്. വിദ്യാർഥികളുടെ സ്വകാര്യതയും ഡിജിറ്റൽ സുരക്ഷയും ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.
What's Your Reaction?



