ആലപ്പുഴ: ആലപ്പുഴ കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്നു കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി പ്രബീഷിന് വധശിക്ഷ വിധിച്ചത്. പ്രബീഷിന്റെ സുഹൃത്ത് രജനിയാണ് കേസിൽ രണ്ടാം പ്രതി.
രജനിയെ നേരിട്ട് ഹാജരാക്കിയില്ല. ഹാജരാക്കിയ ശേഷം വിധി പറയാമെന്ന് കോടതി അറിയിച്ചു. ആലപ്പുഴ പുന്നപ്ര സ്വദേശിനിയായ അനിതയുടെ മൃതദേഹം 2021 ജൂലൈ പത്താം തീയതിയാണ് പൂക്കൈത ആറിൽ നിന്നു കണ്ടെത്തിയത്.
വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ അനിതയെ പ്രബീഷും രജനിയും ചേർന്നാണ് കൊലപ്പെടുത്തിയത്. ഗർഭിണിയായിരുന്ന അനിതയെ കാമുകനും പെൺസുഹൃത്തും ചേർന്ന് കായലിൽ തള്ളുകയായിരുന്നു. ബോധരഹിതയായ അനിത മരിച്ചുവെന്ന് കരുതിയാണ് പ്രതികൾ കായലിൽ തള്ളിയത്.
വിവാഹിതനായ പ്രബീഷ് വിവാഹിതരായ അനിതയും രജനിയുമായി ഒരേ സമയം അടുപ്പത്തിലായിരുന്നു. ഇതിനിടെ അനിത ഗർഭണിയായി. ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും അനിത വഴങ്ങിയില്ല. തുടർന്നാണ് ഇരുവരും ചേർന്ന് അനിതയെ കൊന്ന് കായലിൽ തള്ളിയത്.