''സമ്മർ ഇൻ ബത്‌ലഹേം' ഡിലീറ്റഡ് സീൻ പുറത്ത്; ആമിയും ഡെന്നീസും ഒന്നിക്കുന്ന ക്ലൈമാക്സ് രംഗം; 28 വർഷത്തിന് ശേഷം സർപ്രൈസുമായി നിർമ്മാതാക്കൾ

കോക്കേഴ്‌സ് എന്റർടെയ്‌ൻമെന്റ്‌സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ അപൂർവ്വ രംഗം പുറത്തുവിട്ടത്

Mar 21, 2026 - 14:27
Mar 21, 2026 - 14:28
 0
''സമ്മർ ഇൻ ബത്‌ലഹേം' ഡിലീറ്റഡ് സീൻ പുറത്ത്; ആമിയും ഡെന്നീസും ഒന്നിക്കുന്ന ക്ലൈമാക്സ് രംഗം; 28 വർഷത്തിന് ശേഷം സർപ്രൈസുമായി നിർമ്മാതാക്കൾ

മലയാള സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പർഹിറ്റുകളിൽ ഒന്നായ 'സമ്മർ ഇൻ ബത്‌ലഹേം' റിലീസ് ചെയ്ത് 28 വർഷങ്ങൾക്ക് ശേഷം ചിത്രത്തിലെ നിർണ്ണായകമായ ഒരു രംഗം പുറത്തുവിട്ട് അണിയറപ്രവർത്തകർ. സിനിമയുടെ ക്ലൈമാക്സുമായി ബന്ധപ്പെട്ട ഒമ്പത് മിനിറ്റ് ദൈർഘ്യമുള്ള ഡിലീറ്റഡ് സീനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

കോക്കേഴ്‌സ് എന്റർടെയ്‌ൻമെന്റ്‌സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ അപൂർവ്വ രംഗം പുറത്തുവിട്ടത്. മോഹൻലാൽ അവതരിപ്പിച്ച നിരഞ്ജൻ എന്ന കഥാപാത്രത്തിന്റെ വിധിക്ക് ശേഷം ആമിയും (മഞ്ജു വാര്യർ) ഡെന്നീസും (സുരേഷ് ഗോപി) തമ്മിലുള്ള ബന്ധത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ഈ വീഡിയോയിലുള്ളത്.

ജയിലിൽ വെച്ച് നിരഞ്ജൻ പറഞ്ഞതനുസരിച്ച് ആമിയുടെ കഴുത്തിൽ ഡെന്നീസ് കെട്ടിയ താലിയെക്കുറിച്ച് വീട്ടുകാരോട് വെളിപ്പെടുത്തുന്നതാണ് രംഗം. ആമിക്ക് താല്പര്യമില്ലെങ്കിൽ അത് ഊരിമാറ്റാൻ ഡെന്നീസ് തയ്യാറാകുന്നു. എന്നാൽ രവിയും (ജയറാം) കുടുംബവും ഡെന്നീസിനൊപ്പം ജീവിക്കാൻ ആമിയെ നിർബന്ധിക്കുന്നു. ഒടുവിൽ ഡെന്നീസിനെ സ്വീകരിക്കാൻ ആമി തീരുമാനിക്കുന്നു.

ആമിയുടെ സ്വപ്നത്തിൽ നിരഞ്ജൻ പ്രത്യക്ഷപ്പെട്ട് ഡെന്നീസിനൊപ്പം സന്തോഷമായി ജീവിക്കാൻ ഉപദേശിക്കുന്ന വൈകാരികമായ രംഗത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. സിനിമയുടെ ദൈർഘ്യം കൂടുന്നത് ഒഴിവാക്കാനാണ് അന്ന് ഈ രംഗം വെട്ടിമാറ്റിയത്. എന്നാൽ പിന്നീട് സിനിമ കണ്ടപ്പോൾ ഈ രംഗത്തിന്റെ ആവശ്യമില്ലെന്ന് തോന്നിയതായി നിർമ്മാതാവ് സിയാദ് കോക്കർ പറഞ്ഞിട്ടുണ്ടെന്ന് സംവിധായകൻ സിബി മലയിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. സിനിമയുടെ ഒഴുക്കിനെ ബാധിക്കുമെന്നതിനാലാണ് ക്ലൈമാക്സിൽ മാറ്റം വരുത്തിയത്.

പുറത്തുവന്ന വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആമിയുടെയും ഡെന്നീസിന്റെയും പ്രണയത്തിന് ഒരു പൂർണ്ണത നൽകാൻ ഈ രംഗം സഹായിക്കുമെന്ന് ചിലർ വാദിക്കുന്നു. നിമയിലെ ആ ദുരൂഹതയും ലാളിത്യവുമാണ് ഭംഗിയെന്നും ഈ രംഗം ഒഴിവാക്കിയത് നന്നായെന്നും പലരും അഭിപ്രായപ്പെടുന്നു. "അതിനാടകീയത" ഒഴിവാക്കിയതാണ് സിനിമയുടെ വിജയത്തിന് കാരണമെന്നും ആരാധകർ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow