പുതിയ വി.ഡി. സതീശൻ മന്ത്രിസഭയ്ക്ക് ആശംസകളുമായി രാഹുൽ

May 18, 2026 - 15:28
May 18, 2026 - 15:28
 0
പുതിയ വി.ഡി. സതീശൻ മന്ത്രിസഭയ്ക്ക് ആശംസകളുമായി രാഹുൽ

ന്യൂഡൽഹി: കേരളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ പുതിയ യു.ഡി.എഫ് സർക്കാരിന് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേരളത്തിലെ ജനങ്ങളാണ് ഈ സർക്കാരിന്റെ വിജയത്തിനായി പോരാടിയതെന്നും ജനങ്ങളുടെ ശബ്ദമായിരിക്കും ഈ സർക്കാരിനെ മുന്നോട്ട് നയിക്കുകയെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി വി.ഡി. സതീശനും അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങൾക്കും അഭിനന്ദനങ്ങൾ അറിയിച്ച അദ്ദേഹം, പുതിയ സർക്കാർ ഇനി ഓരോ കേരളീയന്റെയും ശബ്ദത്തെയാണ് പ്രതിനിധീകരിക്കുകയെന്നും തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കി.

വി.ഡി. സതീശൻ മന്ത്രിസഭയെ അഭിനന്ദിച്ചുള്ള കുറിപ്പിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പങ്കിനെക്കുറിച്ചും രാഹുൽ ഗാന്ധി പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് മുൻനിരയിൽ നിന്ന് ശക്തമായ നേതൃത്വം നൽകിയ കെ.സി. വേണുഗോപാലിന് അദ്ദേഹം നന്ദി അറിയിച്ചു. ഈ ചരിത്രവിജയം തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് അക്ഷീണം പ്രയത്നിക്കുകയും ത്യാഗം സഹിക്കുകയും ചെയ്ത ഓരോ യു.ഡി.എഫ് പ്രവർത്തകരുടെയും വിജയമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് യു.ഡി.എഫിന്റെ സമ്പൂർണ്ണ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളുടെ വൻ നിര തന്നെ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തുടങ്ങിയ പ്രമുഖ നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ നേരിട്ട് പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow