ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആശാമാരുടെ ഓണറേറിയം വർധിപ്പിക്കും; പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പാലിച്ച് തുടങ്ങി
തിരുവനന്തപുരം: പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ നടപ്പാക്കിക്കൊണ്ട് വി.ഡി. സതീശൻ മന്ത്രിസഭയുടെ ആദ്യ യോഗം പൂർത്തിയായി. തിരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിച്ച അഞ്ച് മുഖ്യ ഗ്യാരണ്ടികളിൽ രണ്ടെണ്ണമാണ് ആദ്യ മന്ത്രിസഭാ യോഗം തന്നെ അംഗീകരിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രയും, രാജ്യത്ത് തന്നെ ആദ്യമായി വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ചതുമാണ് ഇന്നത്തെ പ്രധാന പ്രഖ്യാപനങ്ങൾ. വരുന്ന ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാമെന്നും ഇതിൻ്റെ കൂടുതൽ വിശദാംശങ്ങൾ ഉടൻ പുറത്തുവിടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വയോജനങ്ങൾക്കായി ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കുന്നത് ഇന്ത്യയിൽ തന്നെ ആദ്യമായാണ് കേരളത്തിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആശാ വർക്കർമാർ ഉൾപ്പെടെയുള്ള സാമൂഹ്യ സേവകർക്ക് നൽകിയ ഉറപ്പുകൾ പാലിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആദ്യഘട്ടമായി ആശാ വർക്കർമാരുടെ ഓണറേറിയത്തിൽ 3,000 രൂപയുടെ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ ഇവരുടെ മാസവേതനം 12,000 രൂപയായി ഉയരും. കൂടാതെ ആശാ വർക്കർമാരുടെ വിരമിക്കൽ ആനുകൂല്യങ്ങൾ സംബന്ധിച്ച് അടുത്ത ഒരു മാസത്തിനുള്ളിൽ അന്തിമ തീരുമാനമെടുക്കുമെന്നും സർക്കാർ നൽകിയ വാക്ക് പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനൊപ്പം അങ്കണവാടി ജീവനക്കാർ, പാചക തൊഴിലാളികൾ, പ്രീ-പ്രൈമറി അധ്യാപകർ, ആയമാർ എന്നിവരുടെ ഓണറേറിയത്തിലും 1,000 രൂപ വീതം വർദ്ധനവ് വരുത്താൻ ആദ്യ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. പുതിയ നിയമസഭാ സമ്മേളനം മെയ് 21-ന് ആരംഭിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. മെയ് 22-നായിരിക്കും പുതിയ സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കുക. അമ്പലപ്പുഴ നിയുക്ത എം.എൽ.എ ജി. സുധാകരനെ പ്രോടൈം സ്പീക്കറായി നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തിന്റെ പുതിയ അഡ്വക്കേറ്റ് ജനറലായി (AG) അഡ്വ. ജെയ്ജു ബാബുവിനെയും, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി (DGP) ടി. അസഫ് അലിയെയും നിയമിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
What's Your Reaction?

