ഹർത്താലിൽ വലഞ്ഞ് കേരളം; വ്യാപകമായി വാഹനങ്ങൾ തടഞ്ഞു
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് ദളിത് സംഘടനകളും ആക്ഷൻ കൗൺസിലും ആഹ്വാനം ചെയ്ത സംസ്ഥാനവ്യാപക ഹർത്താലിൽ വിവിധയിടങ്ങളിൽ സംഘർഷം. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ തുടങ്ങി ഒട്ടുമിക്ക ജില്ലകളിലും ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി ബസുകളും സ്വകാര്യ വാഹനങ്ങളും തടഞ്ഞത് യാത്രക്കാരെ വലച്ചു. തമ്പാനൂരിൽ പ്രതിഷേധക്കാരും യാത്രക്കാരും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. പലയിടങ്ങളിലും പോലീസ് ഇടപെട്ടാണ് വാഹനങ്ങൾ കടത്തിവിട്ടത്.
കോട്ടയം മുണ്ടക്കയത്തും പൊൻകുന്നത്തും കച്ചവട സ്ഥാപനങ്ങൾ പൂർണ്ണമായും അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ ബസുകൾ മിക്കയിടങ്ങളിലും സർവീസ് നടത്തുന്നില്ലെങ്കിലും കെഎസ്ആർടിസി ഭാഗികമായി സർവീസ് നടത്തുന്നുണ്ട്. ഹർത്താൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ പലയിടത്തും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. നിതിൻ രാജിന്റെ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകുക, കോളേജിന്റെ അംഗീകാരം റദ്ദാക്കുക, ജാതിവിവേചനത്തിനെതിരെ കർശന നിയമം കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. തൃശ്ശൂർ വെടിക്കെട്ട് അപകടം നടന്ന പ്രദേശത്തെയും അവശ്യസേവനങ്ങളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
What's Your Reaction?