കുട്ടികള്‍ ഉറങ്ങിയ കിടക്കയില്‍ വെള്ളിക്കെട്ടന്‍; ഒരു വീട്ടില്‍ നിന്ന് കണ്ടെത്തിയത് 5 വിഷപ്പാമ്പുകളെ
കുറ്റ്യാടി മുണ്ടക്കുറ്റിയിൽ മീത്തലേ കാപ്പുമ്മൽ രമേശന്റെ വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടികളുടെ കിടക്കയിൽ ഉൾപ്പെടെ അഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് ഞെട്ടിക്കുന്ന ഈ ദൃശ്യം കണ്ടത്. ഒരു വയസ്സുള്ള മകനും എട്ടു വയസ്സുള്ള മകളും ഉറങ്ങിയ കിടക്കയിലെ തലയണയ്ക്കടിയിലാണ് ആദ്യം ഒരു വെള്ളിക്കെട്ടൻ പാമ്പിനെ കണ്ടത്. ഉടൻ തന്നെ പാമ്പിനെ അവിടെനിന്ന് നീക്കം ചെയ്തു.
തുടർന്ന് നടത്തിയ പരിശോധനയിൽ ബാത്ത്റൂമിലും വീടിന്റെ മറ്റ് മുറികളിലുമായി കൂടുതൽ പാമ്പുകളെ കണ്ടെത്തുകയായിരുന്നു. രാത്രി നാട്ടുകാർ എത്തി നടത്തിയ വിശദമായ തിരച്ചിലിൽ ബാത്ത്റൂമിന് സമീപത്തുനിന്നും രണ്ട് വെള്ളിക്കെട്ടൻ പാമ്പുകളെ കൂടി പിടികൂടി. ഭിത്തികൾ സിമന്റ് തേച്ച് നിലം ടൈൽ പാകിയ വീടിനുള്ളിലാണ് ഇത്രയധികം പാമ്പുകളെ കണ്ടതെന്നത് വീട്ടുകാരെയും നാട്ടുകാരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. വൻ ദുരന്തമാണ് ഭാഗ്യം കൊണ്ട് ഒഴിവായത്.
What's Your Reaction?