ശബരിമല പുതിയ തന്ത്രിയായി കണ്ഠരർ ബ്രഹ്മദത്തൻ; ക്ഷേത്രപവിത്രത കാത്തുസൂക്ഷിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമലയുടെ പുതിയ തന്ത്രിയായി കണ്ഠരർ ബ്രഹ്മദത്തനെ നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം കേരള ഹൈക്കോടതി അംഗീകരിച്ചു. ക്ഷേത്രത്തിന്റെ പവിത്രത, ഭരണപരമായ ആചാരമര്യാദകൾ, ഭക്തരുടെ വിശ്വാസം എന്നിവ സംരക്ഷിച്ച് ഉത്തരവാദിത്വങ്ങൾ നിർവഹിക്കണമെന്ന് ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ച് നിർദേശിച്ചു.
ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിന് മുൻഗണന നൽകണമെന്നും, എല്ലാ തീരുമാനങ്ങളും പ്രതിഷ്ഠയുടെ താൽപര്യം മുൻനിർത്തിയായിരിക്കണമെന്നും കോടതി വ്യക്തമാക്കി. ഭക്തരുടെ ക്ഷേമത്തിനും ആത്മീയതയ്ക്കും പ്രാധാന്യം നൽകണമെന്നും ഉത്തരവിൽ പറയുന്നു.
ചിങ്ങം ഒന്നിന് ശബരിമല നട തുറക്കുമ്പോൾ കണ്ഠരർ ബ്രഹ്മദത്തൻ പുതിയ തന്ത്രിയായി ചുമതലയേൽക്കും. നിലവിലെ തന്ത്രി കണ്ഠരർ രാജീവരരുടെ മകനാണ് ബ്രഹ്മദത്തൻ.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് പുതിയ തന്ത്രിയെ തെരഞ്ഞെടുത്തത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചിങ്ങമാസ പൂജകൾക്ക് താൻ തന്ത്രിസ്ഥാനത്ത് ഉണ്ടാകില്ലെന്നും, പകരം മകൻ ബ്രഹ്മദത്തനെ നിയമിക്കണമെന്നുമായിരുന്നു കണ്ഠരർ രാജീവരർ ദേവസ്വം ബോർഡിന് നൽകിയ കത്തിലെ ആവശ്യം.
What's Your Reaction?



