തിരുവനന്തപുരം കോർപറേഷൻ ആസ്ഥാനം പൊളിക്കരുത്; ഭരണസമിതി തീരുമാനത്തിനെതിരെ വി. ശിവൻകുട്ടി
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷന് പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കാനുള്ള ഭരണസമിതിയുടെ തീരുമാനത്തിനെതിരെ മുൻമന്ത്രി വി. ശിവൻകുട്ടി. നിലവിലെ കോർപറേഷൻ മന്ദിരം പൊളിച്ച് പുതിയ കെട്ടിടം നിർമിക്കാനുള്ള തീരുമാനം അങ്ങേയറ്റം തെറ്റായതാണെന്നും, നിലവിലെ കെട്ടിടത്തിന് അസൗകര്യങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം കോർപറേഷൻ ചരിത്രവും പാരമ്പര്യവും നിറഞ്ഞ സ്ഥാപനമാണെന്നും, പട്ടം താണുപിള്ള തറക്കല്ലിട്ട് മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഉദ്ഘാടനം ചെയ്ത കെട്ടിടം സംരക്ഷിക്കപ്പെടണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു. കെട്ടിടം പൊളിക്കാനുള്ള നീക്കത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം വിമർശിച്ചു.
പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ചോ ചെലവ് സംബന്ധിച്ചോ വ്യക്തമായ ആലോചന നടന്നിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. നിലവിലെ കോർപറേഷൻ മന്ദിരത്തിലെ ഒരു കല്ലുപോലും എടുത്തുമാറ്റാൻ അനുവദിക്കില്ലെന്നും, ജനങ്ങൾ അതിനെ എതിർക്കുമെന്നും വി. ശിവൻകുട്ടി പറഞ്ഞു.
What's Your Reaction?



