മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: 40 വീടുകൾ കൂടി ഗുണഭോക്താക്കൾക്ക് കൈമാറി

May 12, 2026 - 09:59
May 12, 2026 - 10:02
 0
മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: 40 വീടുകൾ കൂടി ഗുണഭോക്താക്കൾക്ക് കൈമാറി

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിന്റെ ഒന്നാം ഘട്ടത്തിൽ 40 വീടുകൾ കൂടി ഗുണഭോക്താക്കൾക്ക് കൈമാറി. വിവിധ സോണുകളിലായി ജി, എച്ച്, ബി ക്ലസ്റ്ററുകളിലെ വീടുകളാണ് തിങ്കളാഴ്ച കൈമാറിയത്. ഇതോടെ ടൗൺഷിപ്പിൽ ഇതുവരെ കൈമാറിയ വീടുകളുടെ ആകെ എണ്ണം 123 ആയി ഉയർന്നു. ആദ്യഘട്ടത്തിൽ ആകെ 178 വീടുകളാണ് ഗുണഭോക്താക്കൾക്കായി നൽകുന്നത്.

ബാക്കിയുള്ള വീടുകളുടെ കൈമാറ്റം വരും ദിവസങ്ങളിൽ പൂർത്തിയാകും. കിഫ്കോൺ, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി (ULCCS) എന്നിവയുടെ നേതൃത്വത്തിൽ ഗുണഭോക്താക്കളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള സംയുക്ത പരിശോധനയ്ക്ക് ശേഷമാണ് വീടുകളുടെ ഉടമസ്ഥാവകാശം കൈമാറുന്നത്. നിർമ്മാണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ വെള്ളം കെട്ടിനിർത്തിയുള്ള പരിശോധനയടക്കം മൂന്ന് ഘട്ടങ്ങളിലായാണ് പരിശോധനകൾ നടക്കുന്നത്. ഗുണഭോക്താക്കൾക്ക് തൃപ്തികരമായ രീതിയിലാണ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

ഉടമസ്ഥാവകാശം ലഭിച്ചെങ്കിലും 178 കുടുംബങ്ങളും ഒരുമിച്ച് ഗൃഹപ്രവേശം നടത്താനാണ് അതിജീവിതരുടെ തീരുമാനം. അതിനാൽ നിലവിൽ ആരും താമസം തുടങ്ങിയിട്ടില്ല. ബാക്കിയുള്ള വീടുകൾ കൂടി വരുംദിവസങ്ങളിൽ ലഭ്യമാകുന്നതോടെ, മഴക്കാലം തുടങ്ങുന്നതിന് മുൻപ് തന്നെ പുതിയ സ്വപ്നഭവനങ്ങളിലേക്ക് താമസം മാറാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഓരോ കുടുംബവും.

What's Your Reaction?

like

dislike

love

funny

angry

sad

wow