തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് ഇന്ന് മുതൽ പുതിയ ദിശാബോധം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത കേരളത്തില്‍കൂടി മാത്രമേ വികസിത ഭാരതമെന്ന സ്വപ്‌നം പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഇതിനായി കേന്ദ്രം കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം പൂര്‍ണമായി ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. പുത്തരിക്കണ്ടം മൈതാനത്ത് സംസാരിക്കുകയായിരുന്നു മോദി. കേരളത്തിന് ലഭിച്ച മൂന്ന് അമൃത് ഭാരത് അടക്കം നാലു ട്രെയിനുകള്‍ ഫ്ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചു. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു.
നഗരത്തിലെ പാവപ്പെട്ട കുടുംബങ്ങൾക്കായി സർക്കാർ ഒത്തിരി കാര്യങ്ങൾ ചെയ്യുന്നുണ്ട്. കേരളത്തിലെ നഗരങ്ങളിലെ ദരിദ്ര കുടുംബങ്ങൾക്കും ആവാസ് യോജന വഴി വീട് കിട്ടിയെന്നും മോദി പറഞ്ഞു. അമൃത് ഭാരത് ട്രെയിനുകള്‍ കേരളത്തിന്റെ യാത്രാസൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തിയെന്നും ഗുരുവായൂര്‍ക്കുള്ള പുതിയ ട്രെയിന്‍ തീര്‍ഥാടനത്തിന് ഉപയുക്തമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
എന്റെ സുഹൃത്തുക്കളേ എന്ന് വിളിച്ചുകൊണ്ടാണ് പ്രധാനമന്ത്രി വേദിയെ അഭിസംബോധന ചെയ്തത്. കേരളത്തിന്റെ റെയില്‍വേ യാത്രാ സൗകര്യം ഇന്നുമുതല്‍ കൂടുതല്‍ ശക്തമാകും. രാജ്യത്തെ വലിയ സ്റ്റാര്‍ട്ട് അപ്പ് കേന്ദ്രമായി തിരുവനന്തപുരത്തെ മാറ്റുന്നതിനുള്ള ആദ്യചുവട് ഇന്ന് വെക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൂടാതെ രാജ്യത്തെ മുഴുവന്‍ പാവപ്പെട്ടവരുടെയും ഉന്നമനത്തിനായി നടപ്പാക്കുന്ന ഒരു മഹത്തായ സംരംഭത്തിനും തിരുവനന്തപുരത്ത് ഇന്ന് തുടക്കമായിട്ടുണ്ട്. ഇന്നാണ് രാജ്യത്ത് പ്രധാനമന്ത്രി സുനിധി ക്രെഡിറ്റ് കാര്‍ഡ് പദ്ധതിക്ക് തുടക്കമായത്. മുമ്പ് ധനികരുടെ കൈകളിൽ മാത്രമായിരുന്നു ക്രെഡിറ്റ് കാർഡ്. ഇപ്പോൾ തെരുവ് കച്ചവടക്കാരുടെ കൈകളിലും ക്രെഡിറ്റ് കാർഡ് എത്തി. കേരളത്തിൽ ഗുണഭോക്താക്കളായി 10,000 പേരുണ്ടെന്നും തിരുവനന്തപുരത്ത് 600 ൽ അധികം പേരുണ്ടെന്നും മോദി പറഞ്ഞു.