സ്വർണവിലയിൽ ചരിത്രപരമായ കുതിപ്പ്; പവന് 1,17,000 കടന്നു, മൂന്നാഴ്ചക്കിടെ വർധിച്ചത് 18,000 രൂപയിലധികം
വെള്ളി വിലയിലും സമാനമായ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്
കൊച്ചി: ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് വേഗത്തിൽ കുതിക്കുന്നു. വെള്ളിയാഴ്ച മാത്രം പവന് 3,960 രൂപ വർധിച്ച് വില 1,17,120 രൂപ എന്ന ചരിത്രപരമായ നിരക്കിലെത്തി. ഗ്രാമിന് 495 രൂപ ഉയർന്ന് 14,640 രൂപയായി. വെള്ളി വിലയിലും സമാനമായ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ആർട്ടിക് മേഖലയിലെ സുരക്ഷയുമായി ബന്ധപ്പെട്ട് റഷ്യ-ചൈന ഭീഷണികൾ നേരിടാൻ നാറ്റോ നടത്തുന്ന തയ്യാറെടുപ്പുകളും ഗ്രീൻലാൻഡിന് മേലുള്ള യുഎസ് താത്പര്യങ്ങളും ആഗോള വിപണിയെ പിടിച്ചുലച്ചു.
അന്താരാഷ്ട്ര വിപണിയിൽ യുഎസ് ഡോളർ ദുർബലമായത് നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് തിരിയാൻ കാരണമായി.
ജനുവരി 27-ന് ചേരുന്ന യുഎസ് ഫെഡറൽ റിസർവ് യോഗത്തിൽ പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകൾ സ്വർണ്ണത്തിന് അനുകൂലമായി. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും സ്വകാര്യ നിക്ഷേപകരും സ്വർണം വൻതോതിൽ കരുതൽ ശേഖരമായി മാറ്റുന്നതും വില വർധനവിന് കരുത്ത് പകർന്നു.
ദേശീയ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം സ്വർണത്തിന് 1.60 ലക്ഷം രൂപ കടന്നു. വെള്ളിയുടെ വില കിലോഗ്രാമിന് 3.39 ലക്ഷം രൂപയിലെത്തി. വെള്ളിയാഴ്ച മാത്രം 12,638 രൂപയുടെ വർധനവാണുണ്ടായത്.
What's Your Reaction?

