തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ റിമാൻഡിൽ കഴിയുന്ന മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് കർശന ഉപാധികളോടെ മുരാരി ബാബുവിന് ജാമ‍്യം അനുവദിച്ചത്.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലും മുരാരി ബാബുവിന് ജാമ്യം ലഭിച്ചു. ദ്വാരപാലക, കട്ടിളപ്പാളി കേസുകളിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞതോടെയാണ് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്.
അനുകൂല ഉത്തരവ് പുറത്തുവന്ന സാഹചര്യത്തിൽ സ്വർണ്ണക്കൊള്ള കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങുന്ന ആദ്യ പ്രതിയായിരിക്കും മുരാരി ബാബു. കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, തെളിവുകള്‍ നശിപ്പിക്കരുത് തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകള്‍.
സ്വർണപ്പാളികൾ ചെമ്പാണെന്ന് വ്യാജരേഖ ഉണ്ടാക്കിയ ഗൂഢാലോചനയിലെ പ്രധാന കണ്ണിയാണ് മുരാരി ബാബു. ഇരു കേസുകളിലും അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം.അതേസമയം ശബരിമല സ്വർണ്ണ മോഷണ കേസിൽ തന്ത്രിയുടെ റിമാൻഡ് 14 ദിവസം കൂടി നീട്ടി.