വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
കൽപറ്റ ∙ വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ആദ്യഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയായ 178 വീടുകളുടെ കൈമാറ്റവും പട്ടയ വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ദുരന്തബാധിതരായ എല്ലാവര്‍ക്കും അടുത്ത മഴയ്ക്കു മുന്‍പ് വീട് കൈമാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് മുന്‍പ് ടൗണ്‍ഷിപ്പിലെ നിര്‍മാണം പൂര്‍ത്തിയായ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ഉദ്ഘാടന പ്രസംഗത്തിനുശേഷം മുഖ്യമന്ത്രി ദുരന്തബാധിതര്‍ക്ക് പട്ടയം വിതരണം ചെയ്തു. ദുരന്തത്തില്‍ ഗുരുതരമായി പരുക്കേറ്റ അവ്യക്തിനാണ് ആദ്യം പട്ടയം കൈമാറിയത്. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയുടെ അനെക്‌സ് കോംപ്ലക്സിന്റെ നിര്‍മാണ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. കല്‍പ്പറ്റ ഗവ. എല്‍പി സ്‌കൂള്‍ ടൗണ്‍ഷിപ്പിലേക്കു മാറ്റുകയാണെങ്കില്‍ സ്ഥലം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടൗണ്‍ഷിപ്പ് നിര്‍മാണത്തില്‍ വലിയ തോതില്‍ തടസങ്ങള്‍ ഉണ്ടായെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വ്യാജപ്രചാരണങ്ങള്‍ മുതല്‍ കേന്ദ്ര സഹായനിഷേധം വരെ, ദുരന്തബാധിതരെ തെറ്റിദ്ധരിപ്പിക്കുന്നതു മുതല്‍ കോടതി വ്യവഹാരങ്ങള്‍ വരെ, ദുരിതാശ്വാസ നിധിയിലേക്ക് ചില്ലിക്കാശ് നല്‍കരുതെന്ന ആഹ്വാനം മുതല്‍ നിരവധി പ്രതിലോമകരമായ ഇടപെടലുകളാണ് പലരും നടത്തിയത്. എന്നാല്‍ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പാരസ്പര്യത്തിന്റെയും കേരള മാതൃക ഒരിക്കല്‍ കൂടി ലോകം കണ്ടറിഞ്ഞുവെന്നു മുഖ്യമന്ത്രി പറഞ്ഞു. 773.98 കോടി രൂപ വയനാട് ദുരന്തത്തിനിരയായവരെ സഹായിക്കാനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യപ്പെട്ടു.
സമൂഹത്തിന്റെ നാനാതുറകളിലുള്ള സംഘടനകളും വ്യക്തിത്വങ്ങളും സഹായഹസ്തം നീട്ടി. ഇതര സംസ്ഥാന സര്‍ക്കാരുകള്‍ കേരളത്തെ സഹായിക്കാന്‍ മുന്നോട്ടുവന്നു. കര്‍ണാടക, ആന്ധ്രാ സര്‍ക്കാരുകള്‍ 10 കോടി രൂപ വീതവും തമിഴ്നാട്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ 5 കോടി രൂപ വീതവും സംഭാവനയായി നല്‍കി. ടൗണ്‍ഷിപ്പില്‍ നിര്‍മിച്ച എല്ലാ വീടിനും അവശ്യം വേണ്ട ഫര്‍ണിച്ചര്‍ നല്‍കുന്ന കാര്യവും ആലോചിക്കും. ദുരന്തബാധിതരുടെ വായ്പാ കുടിശിക തുകയായ 18.75 കോടി രൂപ സര്‍ക്കാര്‍ പൂര്‍ണമായും ഏറ്റെടുത്തു. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. അതില്‍ ഒരു നടപടിയും ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
What's Your Reaction?